പാർട്ടിക്ക് പുറത്തുപോകാൻ താത്പര്യമുണ്ടെങ്കിലേ സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാവൂവെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പാർട്ടിക്ക് പുറത്തുപോകാൻ താത്പര്യമുണ്ടെങ്കിലേ സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാവൂവെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. വിലക്ക് ലംഘിച്ചാൽ എന്താണ് സംഭവിക്കുകയെന്നത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തിച്ചാൽ താനുൾപ്പടെ എല്ലാവർക്കും നിയമം ബാധകമായിരിക്കും. പാർട്ടിക്ക് പുറത്തുപോകാൻ മനസുണ്ടെങ്കിൽ മാത്രമേ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കെ വി തോമസ് പോകാവൂ. പുറത്തെങ്കിൽ പുറത്ത് എന്ന തീരുമാനമെടുത്താൽ പരിപാടിയിൽ പങ്കെടുക്കാമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം കോൺഗ്രസുകാരുടെ ചോരവീണ മണ്ണിൽ ചവിട്ടി സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾ പോകില്ലെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സി പി എം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം നാളെ അറിയിക്കുമെന്ന് കെ വി തോമസ് രാവിലെ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് കൊച്ചിയിൽ മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.