അങ്ങ് ലണ്ടനിലും ഭീഷ്മ തന്നെ ട്രെൻഡ്; ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനവും ‘ചാമ്പിക്കോ’യ്ക്ക് പിന്നാലെ
ലണ്ടന്‍: സോഷ്യൽ മീഡിയയിൽ വിപ്ലവകരമായ തരംഗം തീർക്കുകയാണ് ഭീഷ്മ പർവ്വത്തിലെ മമ്മൂട്ടിയുടെ ചാമ്പിക്കോ എന്ന ഡയലോഗ്. മിക്ക ആളുകളും സോഷ്യൽ മീഡിയയിൽ ചാമ്പിക്കോ ട്രെൻഡിനൊപ്പമാണ്. അന്താരാഷ്ട്ര തലത്തിൽ വരെ ഈ ഡയലോഗ് ട്രെൻഡായി മാറിക്കഴിഞ്ഞു.ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനവും പുതിയ ട്രെൻഡിനൊപ്പമാണ്. വീഡിയോ പതിപ്പല്ല, മറിച്ച് ഫോട്ടോ ക്യാപ്ഷനായിട്ടാണ് ചാമ്പിക്കോയെ ടോട്ടനം ഏറ്റെടുത്തിരിയ്ക്കുന്നത്. ടോട്ടനത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ ക്യാപ്ഷൻ ഇവർ പങ്ക് വച്ചിരിക്കുന്നത്.ടീമിലെ നോർത്ത് കൊറിയൻ താരം സൺ ഹ്യും മിൻ ഗോളടിച്ചതിന് ശേഷമുള്ള ക്യാമറയെ നോക്കി ക്ലിക്ക് ചെയ്യുന്ന ഫോട്ടോയ്ക്കാണ് ചാമ്പിക്കോയെന്ന ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. ന്യൂകാസിലുമായുള്ള മത്സരത്തിലെ ഫോട്ടോയാണിത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് മത്സരം ടോട്ടനം വിജയിച്ചിരുന്നു.ഭീഷ്മപർവം എന്ന ഹാഷ്ടാഗും ട്വീറ്റിൽ ചേർത്തിട്ടുണ്ട്. പോസ്റ്റിന് താഴെ മലയാളികൾ കമന്റുകൾ കൊണ്ട് നിറയ്ക്കുകയാണ്. മമ്മൂട്ടിയുടെ ചിത്രങ്ങളും ആരാധകർ പോസ്റ്റിന് താഴെ പങ്കുവയ്ക്കുന്നുണ്ട്.