ഇപ്പോഴാണ് ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് തലയുയർത്തി നിൽക്കാനാവുന്നത്; ബിജെപി പ്രവർത്തിക്കുന്നത് രാജ്യ താത്പര്യങ്ങൾ മുൻനിർത്തി; ലക്ഷ്യം ഏക ഭാരതം ശ്രേഷ്ഠ ഭാരതം
ന്യൂഡൽഹി: ഏക ഭാരതം ശ്രേഷ്ഠ ഭാരതം (ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്) എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ 42ാം സ്ഥാപക ദിനമായ ഇന്ന് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കുക എന്നതായിരിക്കണം ഓരോ പ്രവർത്തകരുടെയും ലക്ഷ്യമെന്നും, ബിജെപി രാജ്യത്തിന്റെ താത്പര്യങ്ങൾ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളെ പറ്റി പറഞ്ഞ അദ്ദേഹം പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസിന് പേരെടുത്തു പറയാതെ നിശിതമായി വിമർശിക്കുകയും ചെയ്തു. രാജ്യത്ത് രണ്ട് തരം രാഷ്ട്രീയമാണ് നിലവിലുള്ളത്. ഒന്ന് പരിവാർ ഭക്തി അഥവാ കുടുംബ ഭക്തിയും രാഷ്ട്ര ഭക്തിയും. കുടുംബ ഭക്തിയ്ക്കായി എതിരാളികൾ നിലകൊള്ളുമ്പോൾ ബിജെപി രാഷ്ട്ര ഭക്തിയോടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയത്തിൽ കുടുംബ വാഴ്ചയ്്ക്ക് പ്രാധാന്യം കൊടുക്കുന്ന ഈ പാർട്ടി കാലാകാലങ്ങളായി വോട്ടു ബാങ്ക് രാഷ്ട്രീയമാണ് നടത്തി വന്നത്. അവർ രാജ്യത്തെ യുവാക്കളെ ഒരിക്കലും ഉയർന്നു വരാൻ അനുവദിച്ചിട്ടില്ല. യുവാക്കളെ അവർ വഞ്ചിച്ചുവെന്നും മോദി വിമർശിച്ചു.ദരിദ്രരുടെയും സമൂഹത്തിൽ താഴേ തട്ടിലുള്ളവരുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് പാർട്ടിയുടെ അടിസ്ഥാനം. സബ്കാ സാഥ്, സബ്കാ വികാസ് (എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം) എന്ന മുദ്രാവാക്യത്തിലൂന്നി ഒരു വിവേചനവും പക്ഷപാതവുമില്ലാതെ എല്ലാവരിലേക്കും ക്ഷേമ പദ്ധതികളെത്തിക്കാനാണ് സംസ്ഥാനങ്ങളിലേയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്നത്തെ ഇന്ത്യ യാതൊരു ഭയമോ സമ്മർദ്ദമോ കൂടാതെ രാജ്യത്തിന്റ താത്പര്യങ്ങൾക്കായി ലോകത്തിന് മുന്നിൽ ഉറച്ചു നിൽക്കുന്നു. ലോകം മുഴുവൻ രണ്ട് ചേരിയായി തിരിഞ്ഞു നിൽക്കുമ്പോഴും മനുഷ്യത്വത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന ഒരു രാജ്യമായാണ് ഇന്ത്യയെ എല്ലാവരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.ഏപ്രിൽ 14 ന് അംബേദ്കർ ജയന്തി അനുസ്മരണത്തോടെ സമാപിക്കുന്ന സ്ഥാപകദിന ആഘോഷത്തിൽ നിരവധി പരിപാടികളാണ് പാർട്ടി പ്രവർത്തകർ ആസൂത്രണം ചെയ്തിരിക്കുന്നത്. പാർലമെന്റിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും അംഗത്വത്തിന്റെ കാര്യത്തിലും നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായ ബിജെപി 1980 ഏപ്രിൽ ആറിനാണ് രൂപീകൃതമായത്.