മൃതദേഹം സംസ്കരിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണപ്പെട്ട 55കാരൻ ജീവനോടെ വീടിനു മുന്നിൽ; ഞെട്ടലോടെ ബന്ധുക്കളും നാട്ടുകാരും
ചെന്നൈ: മരിച്ചെന്ന് കരുതി ബന്ധുക്കൾ മൃതദേഹം സംസ്കരിച്ച 55കാരൻ പിറ്റേദിവസം ജീവനോടെ വീട്ടിൽ തിരിച്ചെത്തി. തമിഴ്നാട് ഈറോഡിന് സമീപം ബനഗലാദ്പൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് മൃതദേഹം സംസ്കരിച്ചത് തിങ്കളാഴ്ച വൈകിട്ടോടെ മരണപ്പെട്ടെന്ന് കരുതിയയാൾ ജീവനോടെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.കൂലിപ്പണിക്കാരനായ മൂർത്തി കരിമ്പ് വിളവെടുക്കുന്നതിനായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും തിരുപ്പൂരിലേയ്ക്ക് പോയിരുന്നു. പിന്നീട് ഇദ്ദേഹത്തിന്റെ വിവരമൊന്നും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. ഞായറാഴ്ച പുലർച്ചെ മൂർത്തി അടുത്തുള്ള ബസ് സ്റ്റോപ്പിൽ മരിച്ചു കിടക്കുന്നു എന്ന വിവരം ഒരു ബന്ധു കുടുംബത്തെ അറിയിച്ചു. മകൻ കാർത്തി ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹം തന്റെ പിതാവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സത്യമംഗലം പൊലീസ് സ്ഥലത്തെത്തി കേസെടുത്ത ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി. ഞായറാഴ്ച രാത്രിയോടെ മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകളും നടത്തി. എന്നാൽ അടുത്ത ദിവസം വൈകിട്ട് അപ്രതീക്ഷിതമായി മൂർത്തി വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. മരിച്ചെന്ന് കരുതിയ മൂർത്തി തിരിച്ചെത്തിയപ്പോൾ വിശ്വസിക്കാനായില്ലെന്നും അതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്നും കുടുംബം പറയുന്നു. സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ സത്യമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.