വീടൊഴിയാൻ ആവശ്യപ്പെട്ട ബ്രോക്കറെ വെട്ടി പരിക്കേൽപ്പിച്ച് വാടകക്കാരി; പ്രകോപിതനായ യുവാവ് തിരിച്ചെത്തി യുവതിയെയും വെട്ടി
തിരുവനന്തപുരം: വാടകയ്ക്കെടുത്ത വീടിന്റെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഒഴിയാനാവശ്യപ്പെട്ട യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച് യുവതി. ബ്രോക്കറായ യുവാവിന്റെ തലയ്ക്കും കൈയ്ക്കുമാണ് വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.
പ്രോകിപതനായ യുവാവ് ആയുധങ്ങളുമായി തിരിച്ചെത്തി യുവതിയുടെ തലയിലും കൈയിലും ചുണ്ടിലും വെട്ടി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പൂന്തുറ പൊലീസിൽ വിവരമറിയിച്ചത്. കമലേശ്വരം ഹൗസ് നമ്പർ 18ൽ ജയൻ (40), വലിയവീട് ലൈനിൽ ഹൗസ് നമ്പർ 30ൽ രമ്യ (37) എന്നിവരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കമലേശ്വരത്തെ വലിയവീടിന് സമീപത്താണ് യുവതി വാടകയ്ക്ക് താമസിച്ചിരുന്നത്. പരിക്കേറ്റ ജയനാണ് യുവതിയ്ക്ക് വീട് തരപ്പെടുത്തി കൊടുത്തത്.
വാടകയുടെ കാലാവധി കഴിഞ്ഞിട്ടും ഒഴിയാൻ കൂട്ടാക്കാതെ വന്നതോടെയാണ് വീട്ടുടമ ബ്രോക്കറായ ജയനോട് കാര്യം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയ ജയനുമായി യുവതി വഴക്കിടുകയും വെട്ടുകത്തിയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
സ്ഥലത്ത് നിന്നും മടങ്ങി പോയ ജയൻ അധികം വൈകാതെ തന്നെ ആയുധവുമായി തിരിച്ചെത്തി രമ്യയെ വെട്ടുകയായിരുന്നു. പൊലീസ് ഇരുവർക്കുമെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.