ദിലീപ് ഡിലീറ്റ് ചെയ്ത 12 ചാറ്റുകളിൽ ഒന്ന് ഇറാൻ പൗരൻ അഹമ്മദ് ഗുൽച്ചെനുമായുള്ളതെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: വധഗൂഢാലോചന കേസിലെ മുഖ്യപ്രതി നടൻ ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ 12 ചാറ്റുകളിൽ ഒന്ന് ഇറാൻ പൗരൻ അഹമ്മദ് ഗുൽച്ചെനുമായുള്ളതെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന് സാമ്പത്തിക സഹായം നൽകുന്നത് യു.എ.ഇയിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുൽച്ചെനാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സായ് ശങ്കർ വഴി ഐ ഫോണുകളിലെ വിവരങ്ങൾ ദിലീപ് നീക്കിയതായി കണ്ടെത്തിയത്.സിനിമകൾ മൊഴിമാറ്റിയിറക്കുന്ന ബിസിനസാണ് ഗുൽച്ചെനെന്നാണ് പ്രാഥമിക വിവരം. ഇയാൾക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്നും ദിലീപ് ദുബായിലെത്തി ഗുൽച്ചെനെ കണ്ടിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഗുൽച്ചെനിൽ നിന്ന് പണം വാങ്ങിയിട്ടണ്ടോ, ഇയാളുമായുള്ള ആശയവിനിമയം എന്തിനായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.ഫോണിൽ നിന്ന് നീക്കിയ ചാറ്റുകളിൽ മറ്റൊന്ന് ദുബായിൽ വ്യാപാരിയും ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി.ഇ.ഒയുമായ ഗലാഫിന്റേതാണ്. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹികപ്രവർത്തകൻ വാടാനപ്പള്ളി സ്വദേശി സനീർ, കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് മറ്റുള്ളവ. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ടി’ന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്.