രാഷ്ട്രീയ സഖ്യത്തിന് നിബന്ധന വയ്ക്കുന്നത് ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെ; സി പി എം അതിനുമാത്രം വളർന്നിട്ടില്ലെന്ന് കെ സുധാകരൻ
കണ്ണൂർ: സി പി എമ്മിനെ പരിഹസിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. രാഷ്ട്രീയ സഖ്യത്തിന് നിബന്ധന വയ്ക്കുന്നത് ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണെന്നും സി പി എം അതിനുമാത്രം വളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
24 ശതമാനം വോട്ടുള്ള കോൺഗ്രസിന് മുന്നിലാണ് 1.6 ശതമാനം മാത്രം വോട്ടുള്ളവർ ഉപാധി പറയുന്നത്. കോൺഗ്രസ് ഇല്ലാതെ മതേതര സഖ്യമുണ്ടാക്കാനാകില്ല. സി പി എം നിലപാട് പരമ പുച്ഛത്തോടെ എഴുതിത്തള്ളാനേ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.സി പി എം സെമിനാറിൽ പങ്കെടുക്കുന്നവർ കോൺഗ്രസിലുണ്ടാകില്ലെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് കോൺഗ്രസുകാരുടെ ചുടുരക്തം വീണ മണ്ണാണ് കണ്ണൂരെന്നും അവിടെ എങ്ങനെ സമ്മേളനത്തിന് പോകാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിൽ സി പി എം- ബി ജെ പി അന്തർധാര നിലനിൽക്കുന്നു. സി പി എം നീക്കം ബി ജെ പിയെ സഹായിക്കാനാണ്. ഇതിന്റെ ഭാഗമാണ് സിൽവർ ലൈനെന്നും സുധാകരൻ പറഞ്ഞു