ഭക്തരുടെ വിശ്വാസം വ്രണപ്പെടും, ഒമ്പത് ദിവസം ഇറച്ചിക്കടകൾ അടച്ചിടണമെന്ന് മേയർ; തീരുമാനം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷണർക്ക് നിർദേശം
ന്യൂഡൽഹി: നവരാത്രി ഉത്സവ വേളയിൽ മതവിശ്വാസവും ഭക്തരുടെ വികാരങ്ങളും കണക്കിലെടുത്ത് ഏപ്രിൽ 11 വരെ ഇറച്ചി കടകൾ തുറക്കാൻ അനുവദിക്കില്ലെന്ന് തെക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എസ്ഡിഎംസി) മേയർ മുകേഷ് സൂര്യൻ അറിയിച്ചു
ഈ ഉത്സവ കാലത്ത് തന്റെ തീരുമാനം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മേയർ എസ്ഡിഎംസി കമ്മീഷണർ ഗ്യാനേഷ് ഭാരതിക്ക് കത്തയച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഏകദേശം 1500 ൽ അധികം ഇറച്ചികടകളാണ് എസ്ഡിഎംസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.അതേസമയം, കിഴക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്യാം സുന്ദർ അഗർവാൾ ഉത്സവകാലത്ത് ഇറച്ചിക്കടകൾ സ്വമേധയാ അടച്ചിടണമെന്ന് കടയുടമകളോട് അഭ്യർത്ഥിച്ചു. കട അടയ്ക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നവരാത്രി ഉത്സവ സമയത്ത് എല്ലാ ഇറച്ചി കടകളും അടച്ചിടും. ഒരു കടയേയും ഒഴിവാക്കില്ല. മാംസത്തിന്റെ പരസ്യമായ പ്രദർശനം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. അദേഹം തുടർനടപടികൾ സ്വീകരിക്കുമെന്ന് മേയർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.ഒമ്പത് ദിവസം ഭക്തർ മാംസാഹാരവും മദ്യവും കർശനമായി ഒഴിവാക്കി സസ്യാഹാരം മാത്രം കഴിക്കുന്നു. ഉത്സവകാലത്ത് ഉള്ളിയും വെളുത്തുള്ളിയും പോലും അവർ കഴിക്കാറില്ല. ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങൾക്ക് സമീപമോ തുറസ്സായ സ്ഥലങ്ങളിലോ മാംസം വിൽക്കുന്നത് അവർക്ക് അസ്വസ്ഥത ഉണ്ടാക്കും. അതിനാൽ നവരാത്രി കാലത്ത് ഇറച്ചിക്കടകൾ അടച്ചിടും.ക്ഷേത്രങ്ങളും പരിസരങ്ങങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും കടകൾ അടച്ചിടുന്നത് സഹായിക്കുമെന്നും കമ്മീഷണർക്ക് അയച്ച കത്തിൽ പറയുന്നു.ഉത്തരേന്ത്യയിൽ ഏപ്രിൽ രണ്ടിന് ആരംഭിച്ച നവരാത്രി ആഘോഷങ്ങൾ ഈ മാസം 11 വരെ നീണ്ടു നിൽക്കും. ഈ കാലയളവിലാണ് ഇറച്ചിക്കടകൾ അടച്ചിടേണ്ടത്. ദുർഗാ ദേവിക്ക് പ്രാർത്ഥന അർപ്പിക്കുന്ന ഉത്സവമാണ് നവരാത്രി ആഘോഷം.അലിഗഡ് ജില്ലാ പഞ്ചായത്തും സമാന നിർദേശം നൽകിയിട്ടുണ്ട്.