ഇങ്ങനെയും ഒരു പ്രിൻസിപ്പൾ, 15 വിദ്യാർത്ഥിനികളെ ഹോട്ടലിൽ കൊണ്ട് പോയി പീഡിപ്പിക്കുകയും അതിൽ നിരവധി പേരെ ഗർഭിണികളാക്കുകയും ചെയ്ത സ്കൂൾ പ്രിൻസിപ്പളിന് വധശിക്ഷ
ജാവ : അഞ്ച് വർഷത്തിനിടെ പതിനഞ്ചോളം പെൺകുട്ടികളെ പീഡിപ്പിക്കുകയും, അതിൽ നിരവധി പേരെ ഗർഭിണികളാക്കുകയും ചെയ്ത സ്കൂൾ പ്രിൻസിപ്പളിന് വധശിക്ഷ. ഇന്തോനേഷ്യൻ ഹൈക്കോടതിയാണ് സ്കൂൾ പ്രിൻസിപ്പളിന് കടുത്ത ശിക്ഷ വിധിച്ചത്. 2016 മുതൽ 2021 വരെ 11 നും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ പടിഞ്ഞാറൻ ജാവ നഗരത്തിലെ സ്കൂളിലും ഹോട്ടലുകളിലും വാടകയ്ക്ക് എടുത്ത അപ്പാർട്ടുമെന്റുകളിലും വച്ചാണ് ഇയാൾ പീഡിപ്പിച്ചത്. പീഡനത്തിന്റെ ഫലമായി ഒമ്പതോളം കുഞ്ഞുങ്ങൾ ജനിച്ചു.
ബന്ദൂങ് ഹൈക്കോടതിയാണ് പ്രിൻസിപ്പലിനെ വധശിക്ഷയ്ക്ക് വിധിച്ചത്, ഒപ്പം ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. പീഡനത്തിനിരയായ വിദ്യാർത്ഥികൾ സംഭവം പുറത്ത് പറയാൻ മടിച്ചിരുന്നു. ഇതാണ് കൂടുതൽ ഇരകൾ ഉണ്ടാവാൻ കാരണമായത്.
പ്രതിയുടെ ചെയ്തികൾ ഇരയ്ക്കും അവരുടെ മാതാപിതാക്കൾക്കും ആഘാതവും കഷ്ടപ്പാടും ഉണ്ടാക്കി, ഇസ്ലാമിക് ബോർഡിംഗ് സ്കൂളുകളുടെ പ്രശസ്തിക്ക് കളങ്കം വരുത്തിയെന്നും വിധിന്യായത്തിൽ കോടതി പരാമർശിച്ചു.പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്കുള്ള നഷ്ടപരിഹാരമായി 23,200 ഡോളറും ഓരോ പെൺകുട്ടിക്കും മെഡിക്കൽ, മാനസിക ചികിത്സയ്ക്കായി 600 ഡോളറിനും 6,000 ഡോളറിനും ഇടയിൽ നഷ്ടപരിഹാരം നൽകാൻ ഇന്തോനേഷ്യയിലെ ശിശുസംരക്ഷണ മന്ത്രാലയത്തോട് കീഴ്ക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും ഇരകൾക്കും അവരുടെ കുട്ടികൾക്കും പ്രയോജനം ചെയ്യുന്നതിനായി ലേലം ചെയ്യാനും ഹൈക്കോടതി വിധിച്ചു. ശിക്ഷയ്ക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സമയം നൽകിയിട്ടുണ്ട്.
വിചാരണ വേളയിൽ പ്രതി കുറ്റം സമ്മതിക്കുകയും ഇരകളോടും അവരുടെ കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. വെസ്റ്റ് ജാവ പൊലീസാണ് കേസ് അന്വേഷിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഇരയുടെ മാതാപിതാക്കൾ അവരുടെ മകൾ അവധിക്ക് നാട്ടിലെത്തിയ ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു.