സോളാർ കേസ്; എം എൽ എ ഹോസ്റ്റലിൽ സി ബി ഐ പരിശോധന, നടപടി ഹൈബി ഈഡനെതിരായ പരാതിയിൽ
തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് എം എൽ എ ഹോസ്റ്റലിൽ സി ബി ഐ പരിശോധന. ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ മുപ്പത്തിനാലാം മുറിയിലാണ് പരിശോധന നടത്തുന്നത്.
പരാതിക്കാരിയെ ഹൈബി ഈഡൻ എം എൽ എ ഹോസ്റ്റലിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2013-14 ലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പതിനൊന്നുമണിയോടെ പരാതിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. ഈ റൂമിൽ ഇപ്പോൾ മറ്റൊരു എംഎൽഎയാണ് താമസിക്കുന്നത്.
സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ മുൻപ് പ്രതികരിച്ചിരുന്നു. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐയ്ക്ക് വിട്ടത്.