ലൈംഗിക അതിക്രമം മാത്രമല്ല, മോശം അനുഭവമുണ്ടായാൽ അത് പറയാനും ഒരിടം വേണം; മലയാളികൾ പണ്ടേ അത് ചെയ്യേണ്ടിയിരുന്നതാണെന്നും റിമ കല്ലിങ്കൽ
കൊച്ചി: സിനിമായിടത്തിലെ സ്ത്രീകൾക്ക് തങ്ങൾ നേരിടുന്ന മോശം അനുഭവങ്ങൾ തുറന്നുപറയാൻ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിട്ടില്ല എന്നത് അവിശ്വസനീയമാണെന്ന് നടി റിമ കല്ലിങ്കൽ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇന്റേണൽ കമ്മിറ്റി. കേരളീയർ അത് പണ്ടേ ചെയ്യേണ്ടതായിരുന്നുവെന്നും താരം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന ഐ എഫ് എഫ് കെ ഓപ്പൺ ഫോറത്തിലാണ് റിമ തന്റെ നിലപാട് വ്യക്തമാക്കിയത്.’
ഇന്റേണൽ കമ്മിറ്റി എന്ന ആശയം ചർച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയിൽ ഞങ്ങൾ ഒരു ഐ സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാൾ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങൾ അറിയുന്നയാളായിരിക്കണം, മുതിർന്ന ഒരാളായിരിക്കണം.
നമ്മൾ ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോൾ, ഒരുപാട് പേരെ ഒരു സിനിമാ നിർമാണ ഇടത്തിലേക്ക് കൊണ്ടുവരുമ്പോൾ അവിടം കളങ്കരഹിതമാവണം എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. ലൈംഗിക അതിക്രമം എന്നതിൽ മാത്രം അത് ഒതുക്കിനിർത്താൻ ഞാനാഗ്രഹിക്കുന്നില്ല. മോശം അനുഭവമുണ്ടായാൽ അത് പറയാൻ ഒരു സ്ഥലം കേരളം പോലൊരു സംസ്ഥാനത്ത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണ്. നമ്മളിത് പണ്ടേ ചെയ്യേണ്ടിയിരുന്നതാണ്.
ഒരു സിനിമാ സെറ്റിന്റെ ചിത്രമെടുത്ത് നോക്കിയാൽ അതിൽ ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവർക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇന്റേണൽ കമ്മിറ്റിക്കുള്ള മാർഗനിർദേശങ്ങൾ ഉണ്ടാക്കിയിരിക്കുന്നതെങ്കിൽപ്പോലും ഐ സി വേണമെന്ന് പറഞ്ഞ് ഡബ്ലിയു സി സി സമ്മർദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും കൂടിയാണ്.
തൊഴിലിടത്തിലെ ലൈംഗികാതിക്രമം എന്താണെന്നത് കൃത്യമായി ക്ലാസെടുത്ത് എല്ലാ യൂണിയനുകളും അതിനുവേണ്ടി മുന്നിട്ടിറങ്ങുക തന്നെ വേണം. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ സെറ്റിന്റെ സൈഡിൽ നിന്ന് വരുന്ന കമന്റുകളും ജോലി കിട്ടാതിരിക്കാനുള്ള സാദ്ധ്യതകളുണ്ട് എന്ന രീതിയിൽ സംസാരിക്കുന്നതുമെല്ലാം ഇതേ വിഭാഗത്തിൽപ്പെടുമെന്ന് വൈശാഖ തയ്യാറാക്കിയ മാർഗനിർദേശങ്ങളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.
എല്ലാ യൂണിയനുകളും വരിസംഖ്യ വാങ്ങി അംഗത്വം നൽകുന്നതിനൊപ്പം തന്നെ അതിക്രമങ്ങൾക്കെതിരായുള്ള മാർഗനിർദേശങ്ങളും അറിവുകളും നൽകുന്നതിനുള്ള ഉത്തരവാദിത്തം കൂടി കാണിക്കണം. ” റിമ പറഞ്ഞു.