എട്ടുവയസുകാരനെ പതിമൂന്നുകാരൻ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊലപ്പെടുത്തി; കൊല നടത്തിയത് ഇരുവരും തമ്മിൽ നടന്ന വഴക്കിന്റെ പ്രതികാരമായി
ന്യൂഡൽഹി: എട്ടുവയസുകാരനായ സുഹൃത്തിനെ പതിമൂന്നുകാരൻ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. മുൻപ് ഇരുവരും തമ്മിൽ നടന്ന തല്ലിന്റെ പ്രതികാരമായാണ് കൊലപാതകം. ഡൽഹിയിലെ രോഹിണിയിലാണ് സംഭവം. കുറ്റവാളിയായ പതിമൂന്നുകാരൻ പൊലീസ് പിടിയിലായിട്ടുണ്ട്.ഇരുവരും തമ്മിൽ നടന്ന വഴക്കിന് പിന്നാലെ പതിമൂന്നുകാരൻ പ്രതികാരം ചെയ്യാനുള്ള ചിന്തയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് എട്ടുവയസുകാരനെ കാണാതാവുന്നത്. ഇതിന് പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. വീടിന് പുറത്ത് കൂട്ടുകാരനുമൊത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന മകനെ പെട്ടെന്ന് കാണാതാവുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. പതിമൂന്നുകാരനെ ആദ്യം ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല.പിന്നീടാണ് കാട്ടിൽ കൂട്ടിക്കൊണ്ടുപോയാണ് കൊന്നതെന്ന് പൊലീസിന് മനസിലായത്. എട്ടുവയസുകാരനെ സുഹൃത്ത് പാറക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും ഫോൺ എടുത്തുമാറ്റുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രണവ് ടയാൽ പറഞ്ഞു. സൊഹാതി ഗ്രാമത്തിൽ നിന്നാണ് എട്ടുവയസുകാരന്റെ മൃതശരീരവും ഫോണും കണ്ടെത്തിയത്. പതിമൂന്നുകാരനെ ഒബ്സർവേഷൻ ഹോമിലേയ്ക്ക് മാറ്റിയിട്ടുണ്ട്.