മദ്യപാനികൾക്ക് സന്തോഷ വാർത്തയുമായി ബിഹാർ; ഇനി മുതൽ 50,000രൂപ പിഴ ഈടാക്കില്ല, വെറുതേ വിട്ടയക്കാനും തീരുമാനം
പട്ന: മദ്യ നിരോധന നിയമത്തിൽ പുതിയ ഭേദഗതി വരുത്തി ബിഹാർ സർക്കാർ. മദ്യപിച്ചതിന് ആദ്യമായി പിടിക്കപ്പെടുന്നവരിൽ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയക്കാനാണ് പുതിയ തീരുമാനം. കഴിഞ്ഞ ദിവസം ബിഹാർ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിലാണ് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.ബിഹാർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ തീരുമാനപ്രകാരം ഇനി മുതൽ മദ്യപിച്ചതിന് ആദ്യമായി പിടിക്കപ്പെടുന്നവരിൽ നിന്ന് 2000മുതൽ 5000രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. ഈ തുക അടയ്ക്കാത്തവർ ഒരു മാസം ജയിൽ ശിക്ഷ അനുഭവിക്കണം. മുമ്പ് 50,000രൂപയായിരുന്നു പിഴ.ബിഹാറിലെ മദ്യ നിരോധന നിയമത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മദ്യവുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിൽ കുമിഞ്ഞുകൂടുന്നത് കാരണം നിയമത്തിൽ ഭേദഗതി വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം. 2016ലാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ മദ്യവിൽപ്പനയും ഉപഭോഗവും പൂർണമായും നിരോധിച്ചത്.