പാകിസ്ഥാനിലും ആഫ്രിക്കയിലും പരീക്ഷിച്ച് നടപ്പിലാക്കിയ ചതി ലങ്കയിലും ചൈന പ്രയോഗിച്ചു, പദ്ധതി ഇങ്ങനെയായിരുന്നു
ഈ കുറിപ്പെഴുതുന്ന സമയം ശ്രീലങ്ക അനിതര സാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു പതിറ്റാണ്ടോളം സർക്കാരിലെ എല്ലാ പ്രധാന തലങ്ങളിലും നിർണായക സ്വാധീനവും അധികാരവും കൈയടക്കിയിരുന്ന രാജപക്സ കുടുംബം ഭരണത്തിൽ നിന്ന് ഏറെക്കുറെ ഒഴിവായിരിക്കുന്നു. ഈ സുപ്രധാന രാഷ്ട്രീയ മാറ്റങ്ങളുടെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കെ വിശദമായ വിലയിരുത്തലുകൾ പ്രായോഗികമല്ല. ശ്രീലങ്കൻ ജനതയുടെ ജീവസുരക്ഷയ്ക്കും മനുഷ്യാവകാശങ്ങൾക്കും ഈ മാറ്റം തുണയാകുമെന്ന് നിസംശയം പറയാം. ശ്രീലങ്കയിലെ മനുഷ്യരുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന രീതിയിൽ സംഭവവികാസങ്ങൾ ദുഷ്കരമാകാതിരിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ, ഇടപെടലുകൾ ശക്തമാക്കാനുള്ള സാദ്ധ്യതകളുമുണ്ട്.അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്ന രീതിയിൽ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കുന്നതിലൂടെ രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കാനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനുമുള്ള സാഹചര്യമുണ്ടാവാം. രാഷ്ട്രീയ സ്വയം നിർണയാവകാശം തത്വത്തിൽ നിലനിറുത്തുന്ന രീതിയിൽ രാഷ്ട്രീയ കക്ഷികൾ അവസരത്തിനൊത്ത് ഉയർന്നു എന്ന് ആശ്വസിക്കാമെങ്കിലും സാമ്പത്തിക സുസ്ഥിരത ഉറപ്പില്ലാത്ത സാഹചര്യത്തിൽ അന്താരാഷ്ട്ര സാമ്പത്തിക സംഘടനകളുടെ സഹായങ്ങൾ പരിമിതമായേക്കാം.നാല് പതിറ്റാണ്ടുകളായി ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങൾ സ്വന്തം രാജ്യങ്ങളിൽ സൃഷ്ടിച്ച സാമ്പത്തിക തകർച്ചയുടെയും സാമൂഹ്യ ഭിന്നതയുടെയും രാഷ്ട്രീയ അസ്ഥിരത യുടെയും പശ്ചാത്തലത്തിൽ തന്നെ ശ്രീലങ്കയെ വീക്ഷിക്കേണ്ടതാണ്.രാജപക്സ കുടുംബം രാജ്യത്തിന്റെ എല്ലാ ഭരണനിർവഹണ മേഖലകളിലും സർവാധികാരം സൃഷ്ടിച്ചെടുത്തത് തന്നെ തങ്ങൾക്കെതിരെ സർക്കാർതലത്തിൽ നിലനിന്നിരുന്ന വ്യാപകമായ അന്വേഷണങ്ങൾ റദ്ദാക്കിക്കൊണ്ടാണ്.കൊളംബോ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ നിറുത്തലാക്കുക, രാജ്യത്ത് നിന്നും പുറത്തേക്കൊഴുകിയ പണം തിരികെയെത്തിക്കാനുള്ള വഴികൾ തേടുക എന്നിവയ്ക്കായി മുൻ ഗവൺമെന്റ് നടത്തിയ ശ്രമങ്ങൾ രാജപക്സ ഗവൺമെന്റ് തിരികെ എത്തിയതോടു കൂടി ഇല്ലാതായി. ശ്രീലങ്കയുടെ ആന്തരിക രാഷ്ട്രീയ പരിവർത്തനത്തിന് ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കാവുന്നതും രാജപക്സ കുടുംബത്തിന്റെ തിരിച്ചുവരവാണ്. പ്രാദേശിക രാഷ്ട്രീയത്തിൽ സംഭവിച്ച അവിശ്വസനീയമായ ഈ മാറ്റം ഒരുപക്ഷേ പ്രാദേശിക മേഖലാ രാഷ്ട്രീയ സഹകരണത്തിന്റെ രംഗത്തും അന്താരാഷ്ട്ര സഹകരണത്തിലും കാര്യമായ വ്യത്യാസങ്ങൾ സൃഷ്ടിച്ചു.തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ സാർക്കിൽ അയൽ രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇതാണ് തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ചൈനയുടെ സാമ്പത്തികവും നയതന്ത്രപരവുമായ ഇടപെടൽ ശക്തമാകാൻ കാരണമെന്നാണ് വിദഗ്ധാഭിപ്രായം. സാങ്കേതിക വിദ്യ, തൊഴിൽരംഗം, നിർമ്മിതികളുടെ ഉടമസ്ഥാവകാശം തുടങ്ങി സമസ്ത മേഖലയിലും അധീശത്വമാണ് ചൈനീസ് രീതി. ആഫ്രിക്കൻ രാജ്യങ്ങളിൽ വളരെ വ്യാപകമായി നടപ്പിലാക്കപ്പെട്ടു കഴിഞ്ഞ ഈ രീതി ശ്രീലങ്കയിലും പാക്കിസ്ഥാനിലും ഒക്കെ ചൈന പ്രയോഗിക്കുന്നുണ്ടെന്ന് വ്യക്തമായിക്കഴിഞ്ഞു. ഉദാരമെന്ന് തോന്നിയേക്കാവുന്ന ചൈനീസ് വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് മുന്നോട്ടു പോയതിലൂടെ രാജപക്സ കുടുംബത്തിന് തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് ആക്കം കൂട്ടാൻ അവസരം ലഭിച്ചു. എന്നാൽ ദീർഘകാല കടത്തിന്റെ ആഘാതത്തിൽ ഒരു ജനത ഒന്നാകെ നിലംപൊത്തുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.ശ്രീലങ്കയെപ്പോലെ ജനാധിപത്യ ഭരണസംവിധാനത്തിന് തുടർച്ച നിലനിന്നിരുന്ന ഒരു കോളനി അനന്തര രാജ്യത്ത് ഒരു കുടുംബത്തിന്റെ സ്വകാര്യ മുതലിന് അഭൂതപൂർവമായ വളർച്ച കൈവന്ന സാഹചര്യം
രാജ്യത്തിന്റെ ജനാധിപത്യക്രമത്തിന് ഏല്പിച്ച പരിക്ക് ഗുരുതരമാണ്.തങ്ങളുടെ മേഖലാ മേധാവിത്വം ഉറപ്പിക്കാനായി ചൈന സൃഷ്ടിച്ച വായ്പാ കെണിയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തുകയായിരുന്നു.രാഷ്ട്രീയ അധികാരം ഉപയോഗിച്ച് പരമാവധി സ്വത്ത് സമാഹരിക്കുകയെന്ന രീതി ഒരുപക്ഷേ കഴിഞ്ഞ പതിറ്റാണ്ടിൽ ഈജിപ്തിൽ മുബാറക്കിന്റെ അഴിമതിയെയോ ഫിലിപ്പീൻസിലെ മാർകേസിന്റെ രീതിയെയോ അഫ്ഗാനിസ്ഥാനിലെ ഭരണാധികാരികളെയോ ഓർമ്മിപ്പിക്കുന്നു. മഹാമാരി കാലത്തിനുശേഷം ആഭ്യന്തര ഉത്പാദനവും പ്രവാസികളുടെ വരുമാനവും നിലച്ച ഗുരുതരമായ സാഹചര്യമാണ് ശ്രീലങ്കയിലുണ്ടായിരുന്നത്. ദീർഘവീക്ഷണമോ വീണ്ടുവിചാരമോ ഇല്ലാതെ രാജ്യത്തിന്റെ പ്രധാന ഉത്പാദന സ്രോതസായ കാർഷിക മേഖലയിൽ നടത്തിയ വലിയ മാറ്റങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നതായിരുന്നു .ആഭ്യന്തര ഉത്പാദനം കാര്യമായി കുറയുന്ന ഈ സാഹചര്യത്തിൽ വിനോദസഞ്ചാരമേഖല ,തോട്ടം മേഖല, പ്രവാസി വരുമാനം എന്നിവയിലും വലിയ ഇടിവുകൾ സംഭവിച്ചു . മഹാമാരിയും വികല രാഷ്ട്രീയ വികസന നയങ്ങളും ഒരുമിച്ച് കൂടിയപ്പോഴുണ്ടായ രാഷ്ട്രീയ സാഹചര്യത്തിന് ഇരകളാണ് ശ്രീലങ്കയിലെ ജനങ്ങൾ. ശ്രീലങ്കയിലേക്ക് ചൈനീസ് മുതലിന്റെ നിയന്ത്രണങ്ങളില്ലാത്ത ഒഴുക്ക് രാജ്യത്തിന്റെ നട്ടെല്ല് തകർത്തു എന്നും വിലയിരുത്താവുന്നതാണ്.ശ്രീലങ്കയിൽ നിലവിലെ താത്കാലിക രാഷ്ട്രീയ സംവിധാനം രാജ്യം ജനവിരുദ്ധ ഭരണരീതിയിലേക്ക് വഴുതി മാറാതിരിക്കാൻ സഹായിച്ചേക്കാം.
എം. വി. ബിജുലാൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലും അഖിലേഷ് ഉദയഭാനു മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ഐ.എം.പി.എസ്.എസിലും അദ്ധ്യാപകനാണ്.