സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല: ഉറപ്പിച്ചുപറഞ്ഞ് ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ . കേന്ദ്രം വിലകൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കമെന്നാണ് പറയുന്നതെന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്രം തരുന്നില്ല. നികുതി കുറച്ചാൽ 17000 കോടിയുടെ കുറവുണ്ടാകും. അതിനാൽ ഇപ്പോഴുള്ള വരുമാനം ഒഴിവാക്കാൻ കഴിയില്ല – അദ്ദേഹം പറഞ്ഞു.
നേരത്തേ കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചപ്പോൾ കേരളവും കുറയ്ക്കണമെന്ന് ആവശ്യമുയർന്നെങ്കിലും സംസ്ഥാനം അത് തള്ളിയിരുന്നു. പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നാണ് ധനമന്ത്രി അന്ന് പറഞ്ഞിരുന്നത്.
അതേസമയം, ഇന്നും പതിവുപോലെ ഇന്ധനവില കൂടി. പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115 രൂപ 54 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 40 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 113 രൂപ 63 പൈസയും ഡീസലിന് 100 രൂപ 58 പൈസയുമായി.പതിനഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒൻപത് രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 81 പൈസയുമാണ് വർദ്ധിപ്പിച്ചത്.137 ദിവസത്തിന് ശേഷം മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്.