പുടിനെ തോൽപ്പിക്കാൻ യുക്രെയിന്റെ പുതിയ തന്ത്രം; ആയുധം നൽകി കീഴടങ്ങുന്ന റഷ്യൻ സൈനികർക്ക് കോടികൾ വാഗ്ദ്ധാനം
കീവ്: റഷ്യൻ ആക്രമണത്തെ നേരിടാൻ പുതിയ തന്ത്രവുമായി യുക്രെയിൻ. രാജ്യത്തെ സൈനികർക്ക് യുദ്ധ സാമഗ്രഹികൾ കൈമാറുന്ന റഷ്യൻ സൈനികർക്ക് വമ്പൻ പാരിതോഷികങ്ങളാണ് യുക്രെയിൻ വാഗ്ദ്ധാനം ചെയ്യുന്നത്. ഇത് സംബന്ധിക്കുന്ന നിയമം യുക്രെയിൻ പാർലമെന്റ് പാസാക്കി.യുക്രെയിൻ സൈനികർക്ക് യുദ്ധക്കപ്പലോ യുദ്ധവിമാനമോ കൈമാറുന്ന റഷ്യൻ സൈനികർക്ക് ഒരു മില്യൺ ഡോളർ ( 7,55,35,500 രൂപ) വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോംപാക്ട് ഹെലികോപ്ടർ നൽകിയാൽ അഞ്ച് ലക്ഷം ഡോളർ (മൂന്ന് കോടി രൂപ) ആണ് പ്രതിഫലം ലഭിക്കുക. സൈനിക കപ്പലുകൾക്ക് രണ്ട് ലക്ഷം ഡോളർ ( ഒരു കോടി രൂപ), സൈനിക ടാങ്കിനും പീരങ്കിക്കും ഒരു ലക്ഷം ഡോളർ (75 ലക്ഷം രൂപ) എന്നിങ്ങനെയാണ് കണക്ക്.കവചങ്ങൾ ഉൾപ്പെടുന്ന സൈനിക വാഹനങ്ങൾക്ക് 50,000 ഡോളർ ( 37 ലക്ഷം രൂപ), റിയാക്ടീവ് വോളി ഫയർ സിസ്റ്റത്തിന് 25,000 ഡോളർ മുതൽ 35,000 ഡോളർ (26 ലക്ഷം രൂപ), സൈനിക ട്രക്കുകൾക്ക് 10,000 ഡോളറും ( ഏഴ് ലക്ഷം രൂപ) ലഭിക്കും.ധാരാളം റഷ്യൻ സൈനികർ തങ്ങളുടെ ആയുധങ്ങളും ഉപകരണങ്ങളും നൽകി കീഴടങ്ങാൻ തയ്യാറാണെന്ന് യുക്രെയിൻ പാർലമെന്റിലെ ആദ്യ വൈസ് സ്പീക്കറായ ഒലെക്സാണ്ടർ കൊർനിയങ്കോ പറഞ്ഞു. ഇതിൽ തങ്ങൾ ഒരു തെറ്റും കാണുന്നില്ലെന്നും സൈനികർ ഉപകരണങ്ങൾ നൽകി സ്വയം കീഴടങ്ങിയാൽ അതിന് തക്കതായ പാരിതോഷികം നൽകുമെന്നും കൊർനിയങ്കോ വ്യക്തമാക്കി.