‘കൊല്ലപ്പെട്ടയാൾ’ ആറുവർഷത്തിനുശേഷം തിരിച്ചുവന്നപ്പോൾ ട്വിസ്റ്റുകളുടെ പെരുമഴ, സിനിമയെ വെല്ലും സംഭവത്തിൽ ശരിക്കും പണികിട്ടിയത് പൊലീസുകാർക്ക്
അഹമ്മദാബാദ്: വർഷങ്ങൾക്ക് മുമ്പ് ‘കൊല്ലപ്പെട്ടയാൾ’ ഒരു സുപ്രഭാതത്തിൽ മറ്റൊരിടത്ത് സുഖമായി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി.അതോടെ ചെയ്യാത്ത കൊലപാതകത്തിന് ശിക്ഷ അനുഭവിച്ചിരുന്ന രണ്ടുപേരെ കുറ്റമുക്തരാക്കിയ കോടതി കേസന്വേഷിച്ച പൊലീസ് ഇദ്യോഗസ്ഥർ ഇരുവർക്കും നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിട്ടു…സിനിമാക്കഥയല്ലിത് നടന്ന സംഭവം.ഗുജറാത്തിലെ നവ്സരി ഗ്രാമത്തിലെ നഗുലാൽ ഗായത്രി എന്ന ഫാക്ടറി ജീവനക്കാരൻ ‘കൊല്ലപ്പെടുന്നത്’ 2016 ലാണ്. ജോലിക്കുപോയ നഗുലാലിനെ കാണാതായതോടെ ബന്ധുക്കളും വീട്ടുകാരും പരാതി നൽകി. കേസ് ‘കാര്യക്ഷമമായി’ അന്വേഷിച്ച പൊലീസ് മൃതദേഹം കണ്ടെത്തി. അത് നഗുലാലിന്റേതാണെന്ന് ബന്ധുക്കളും തിരിച്ചറിഞ്ഞതോടെ കൊലപാതകികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. മണിക്കൂറുകൾക്കകം കൊലപാതകികളെ കണ്ടെത്തി. നഗുലാലിന്റെ സഹജീവനക്കാരായ മദൻ പിപ്ലഡി, സുരേഷ് ബട്ടേല എന്നിവരായിരുന്നു ആ ഹതഭാഗ്യർ. ‘കൊലപാതകം’ നടത്തിയ രീതിയും കാരണവും പൊലീസ് എഫ് ഐ ആറിൽ വിവരിച്ചു.ജോലിസ്ഥലത്തെ വൈരാഗ്യമായിരുന്നു കാരണം. പക കടുത്തതോടെ ഇരുവരും ചേർന്ന് നൈലോൺ നൂലുകൊണ്ട് കഴുത്തറുത്തുകൊന്നു. കേസിന് ശക്തിപകരാൻ സാഹചര്യതെളിവുകളടക്കം മുപ്പത്തഞ്ചിലധികം തെളിവുകളും ഹാജരാക്കി. ഒപ്പം 19 സാക്ഷികളെയും. ഇതിൽ ചിലർ കൊലപാതകം നേരിട്ടുകണ്ടിരുന്നുവെന്നാണ് കോടതിയിൽ പറഞ്ഞത്.കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടുപോകുന്നതിനിടെയാണ് ഒരു വമ്പൻ ട്വിസ്റ്റുണ്ടായത്. കൊല്ലപ്പെട്ടെന്ന് കരുതിയ നഗുലാൽ അയൽ ഗ്രാമത്തിൽ സുഖമായി താമസിക്കുന്നു എന്ന് ഗ്രാമവാസികളായ ചിലർ കണ്ടെത്തി. ഇത് വെറും തോന്നലാണെന്നാണ് ബന്ധുക്കൾ ഉൾപ്പടെയുള്ളവർ പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് വ്യക്തമായി. വിവരമറിഞ്ഞെത്തിയ പൊലീസ് നഗുലാലിനോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പൊലീസും നാട്ടുകാരും വീണ്ടും ഞെട്ടിയത്.2016 ല് ഒരു ദിവസം രാത്രി വിശന്നപ്പോൾ കൊലക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന മദൻ പിപ്ലഡിയുടെ വീട്ടിലെ അടുക്കളയിൽ താൻ കയറിയെന്നും മദന്റെ ഭാര്യ തന്നെ കണ്ടെന്ന് തോന്നിയതോടെ പിന്നീടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഓർത്ത് നാടുവിടുകയായിരുന്നുവെന്നാണ് നഗുലാൽ പറഞ്ഞത്. നഗുലാൽ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയതോടെ പ്രതിഭാഗം അഭിഭാഷകർ സംഭവം കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രതികളായി മുദ്രകുത്തപ്പെട്ടിരുന്ന മദനെയും സുരേഷിനെയും കോടതി വെറുതേ വിട്ടത്. രണ്ട് പേർക്കും അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടായേകകും.