ലോകത്തിൽ നമ്പർ വൺ ആകാൻ കുതിക്കുമ്പോഴും ജനങ്ങൾക്ക് അവശ്യം വേണ്ട കാര്യങ്ങളിൽ ഇപ്പോഴും ഇന്ത്യ ബഹുദൂരം പിന്നിൽ തന്നെ, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി
ന്യൂഡൽഹി: വലിപ്പത്തിൽ ലോകത്ത് ഏഴാംസ്ഥാനവും ജനസംഖ്യയിൽ രണ്ടാംസ്ഥാനവുമുള്ള ഇന്ത്യയിൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ട എയർ ആംബുലൻസുകളുടെ എണ്ണം വെറും 49 മാത്രം. ഭൂപ്രകൃതിയുടെയും മറ്റും പ്രത്യേകതകൾ കൊണ്ട് എയർ ആംബുലൻസുകൾ വളരെ അത്യാവശ്യമായ പല സംസ്ഥാനങ്ങളിലും ഇത്തരം ആംബുലൻസുകൾ ഒന്നുപോലും ഇല്ല. സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ആണ് ലോക്സഭയിൽ ഇന്ത്യയിലെ എയർ ആംബുലൻസുകളുടെ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യ ലോകശക്തികളിൽ ഒന്നായി വളരുമ്പോഴാണ് അടിയന്തര രക്ഷാപ്രവർത്തന സാഹചര്യങ്ങളെ നേരിടുന്നതിൽ രാജ്യത്തിന്റെ ദയനീയ മുഖം വ്യക്തമായത്.ഏറ്റവും കൂടുതൽ എയർ ആംബുലൻസുകളുള്ളത് രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ്. 39 എണ്ണം. രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. അഞ്ച് ആംബുലൻസുകളാണ് ഇവിടെയുള്ളത്. മൂന്നാം സ്ഥാനത്ത് കേരളമാണ്. ഇവിടെയുള്ളത് രണ്ടെണ്ണമാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോന്നു വീതം ഉണ്ട്. 19 ഓപ്പറേറ്റർമാരാണ് രാജ്യത്ത് എയർ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നത്. ഹെലികോപ്ടറുകളും ചെറുവിമാനങ്ങളും ഇതിൽ ഉൾപ്പെടും.കഴിഞ്ഞ മൂന്നുവർഷത്തിനിടെ രാജ്യത്ത് 4,100 രോഗികളാണ് എയർ ആംബുലൻസ് വാടകയ്ക്കെടുത്തത്. ഉൾപ്രദേശങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടേണ്ടി വന്നാൽ ഉപയോഗിക്കാൻ ആവശ്യമായത്ര എയർ ആംബുലൻസുകൾ രാജ്യത്ത് ഇപ്പോൾ ലഭ്യമല്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.മെഡിക്കൽ എമർജൻസി ആവശ്യമായുള്ള രോഗികളെ എത്രയും പെട്ടെന്ന് മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളിൽ എത്തിക്കുന്നതിനാണ് എയർ ആംബുലൻസുകൾ ഉപയോഗിക്കുന്നത്. വിമാനങ്ങളോ ഹെലികോപ്ടറുകളോ ഇതിന് ഉപയോഗിക്കും. ആശുപത്രികളിൽ എത്തുംവരെ ജീവൻ നിലനിറുത്താൻ വേണ്ട സൗകര്യങ്ങൾ ഇവയിലുണ്ടാവും. എത്തിക്കേണ്ട ദൂരത്തെയും മറ്റും ആശ്രയിച്ചായിരിക്കും ചാർജ് ഈടാക്കുന്നത്. രോഗികളെ എത്തിക്കുന്നതിനൊപ്പം അവയവമാറ്റ ശസ്ത്രക്രിയക്കുവേണ്ടി അവയവങ്ങൾ എത്തിക്കുന്നതിനും എയർ ആംബുലൻസുകളുടെ സേവനം ഉപയോഗിക്കുന്നുണ്ട്.