പൂജയ്ക്കെന്ന വ്യാജേന ഇടയ്ക്കിടെ വീട്ടിലെത്തി, ശാരീരികമായി ബന്ധപ്പെട്ടില്ലെങ്കിൽ മാതാപിതാക്കളെ ദുരാത്മാവ് കൊല്ലുമെന്ന് ഭീഷണി; പതിനാലുകാരിയെ യുവാവ് പീഡിപ്പിച്ചത് ആറ് മാസം
ഭോപ്പാൽ: ദുരാത്മാവിനെ അകറ്റാനെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് പതിനാലുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മുപ്പതുകാരനായ നിഹാൽ ബേഗ് ആറ് മാസത്തോളമാണ് പത്താം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കിയത്.
പെൺകുട്ടിയുടെ പിതാവ് ബിസിനസുകാരനാണ്. മാതാവ് ഒരു പ്രൈവറ്റ് സ്കൂളിലെ അദ്ധ്യാപികയുമാണ്. ലോക്ക്ഡൗൺ സമയത്ത് ബിസിനസ് നഷ്ടത്തിലായതോടെ കുട്ടിയുടെ പിതാവ് മാനസികമായി തകർന്നു. ഇതിനുപിന്നിൽ ദുരാത്മാവാണെന്നും, അതിനെ ഒഴിവാക്കാൻ പൂജകൾ നടത്തണമെന്നും പരിചയക്കാരനായ നിഹാൽ ഇവരെ വിശ്വസിപ്പിച്ചു.
പൂജയ്ക്കെന്ന വ്യാജേന പ്രതി ആഴ്ചയിൽ രണ്ട് തവണ പെൺകുട്ടിയുടെ വീട്ടിലെത്തി. എല്ലാവരും വെവ്വേറെ മുറികളിൽ താമസിക്കണമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞു. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ മുറിയിലെത്തി. തന്നോടൊപ്പം ശാരീരികമായി ബന്ധപ്പെട്ടില്ലെങ്കിൽ മാതാപിതാക്കളെ ആത്മാവ് കൊല്ലുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി.
ദുരാത്മാവ് ഒഴിഞ്ഞുപോയെന്നും ഇനി വീട്ടിലേക്ക് മടങ്ങേണ്ടിവരില്ലെന്നും പ്രതി അടുത്തിടെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടി ധൈര്യം സംഭരിച്ച് മാതാപിതാക്കളോട് പീഡനത്തെക്കുറിച്ച് പറഞ്ഞത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.