90 ഡോസ് വാക്സിനെടുത്ത് ഒരു അറുപതുകാരൻ, കാരണം കേട്ട് ഞെട്ടി ആരോഗ്യപ്രവർത്തകരും പൊലീസും
ബെർലിൻ: ഒരു ഡോസ് വാക്സിനെടുക്കാൻ പോലും ആളുകൾക്ക് മടിയുള്ള സമയത്ത് ഒരു അറുപതുകാരൻ എടുത്തത് 90 ഡോസ് വാക്സിൻ. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കാനായാണ് ഈ ജർമൻ സ്വദേശി ഇത്രയും ഡോസ് എടുത്തത്.യഥാർത്ഥ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നമ്പർ ലഭിക്കുന്നതിനായാണ് ഇയാൾ ഈ കടുംകെെ ചെയ്തത്. വാക്സിനെടുക്കാൻ വിമുഖതയുള്ള, എന്നാൽ സർട്ടിഫിക്കറ്റുകൾ വേണ്ടുന്നവർക്ക് നൽകാനായാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.സാക്സൊണിയിലെ ഏലെൻബർഗിൽ തുടർച്ചയായ രണ്ടാം ദിനത്തിലും വാക്സിനെടുക്കാൻ എത്തിയതോടെയാണ് ഇയാൾ പിടിയിലായത്. ഇയാളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 90 ഡോസ് വാക്സിൻ എടുത്തത് ഇയാളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല.ലോകത്ത് പലയിടത്തും ഇത്തരത്തിൽ ഒട്ടേറെ വാക്സിനുകളെടുത്ത സംഭവം നടന്നിട്ടുണ്ട്. 84 കാരനായ ബിഹാർ സ്വദേശി 11 ഡോസ് വാക്സിനുകൾ എടുത്ത സംഭവം ഉണ്ടായിട്ടുണ്ട്. ന്യൂസിലാന്റിലും സമാന സംഭവം അരങ്ങേറിയിട്ടുണ്ട്.