ടോൾ വെട്ടിച്ച് പാഞ്ഞുവന്ന വാഹനം ഇടിച്ചു; കാർ റോഡിൽ വട്ടം കറങ്ങി
കുമ്പളം ∙ ടോള്‍ വെട്ടിച്ചു പാഞ്ഞ കാർ ദേശീയ പാതയിലൂടെ പോവുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചു. ടോൾ വെട്ടിച്ച് സർവീസ് റോഡിൽനിന്ന് അപ്രതീക്ഷിതമായി എത്തിയ കാറിന്റെ ഇടിയേറ്റു ലക്ഷ്യം തെറ്റിയ കാർ കറങ്ങിത്തിരിഞ്ഞാണു നിന്നത്. യാത്രികർക്കു പരുക്കില്ല.
ഞായറാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ടോൾ വെട്ടിക്കാനായി എൻഐജെ എൽപി സ്കൂൾ റോഡിലൂടെ എത്തിയ കാർ ടോൾ പ്ലാസയ്ക്കു മുന്നിലെ കട്ടിങ്ങിലൂടെ അരൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു തൊട്ടുമുന്നിലൂടെ വൈറ്റില ഭാഗത്തേക്കു കടക്കാൻ ശ്രമിച്ചതാണ് അപകടകാരണം.
ഇത്തരത്തിൽ ടോൾ വെട്ടിച്ചു വന്ന കാറിൽ തട്ടാതിരിക്കാൻ ഒതുക്കിയ കെഎസ്ആർടിസി ബസ് വഴിവിളക്കിന്റെ പോസ്റ്റിൽ ഇടിച്ചു നിന്നത് ഒരു മാസം മുൻപാണ്. ടോൾ വെട്ടിക്കുന്ന വാഹനങ്ങൾ ഓടി കുമ്പളത്തെ റോഡുകൾ തകർന്ന നിലയിലാണ്. ചെറിയ റോഡുകളിൽ പോലും വാഹനത്തിരക്കായതോടെ അപകടങ്ങൾ പെരുകി.