ചൈനയിൽ പുതിയ കൊവിഡ് ഉപവിഭാഗം കണ്ടെത്തി; കൊവിഡിന് കാരണമാകുന്ന വൈറസുമായി സാമ്യമില്ലെന്ന് കണ്ടെത്തൽ
ബീജിംഗ്: കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ ഒന്ന് പുതിയ വിഭാഗമായിരുന്നു.ഒമിക്രോൺ വകഭേദത്തിന്റെ ബി എ 1.1 ശാഖയിൽ നിന്നാണ് വൈറസിന്റെ പുതിയ വിഭാഗം രൂപപ്പെട്ടിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടച്ചുപൂട്ടിയ ഷാങ്ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിവാസിയിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. ചൈനയിൽ കൊവിഡ് രോഗത്തിന് കാരണമാവുന്ന വൈറസുമായി ഇതിന് സാമ്യമില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ പരിവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി രൂപം നൽകിയ ആഗോളതലത്തിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ജി ഐ എസ് എ ഐ ഡിയിൽ സൂക്ഷിച്ചിരിക്കുന്ന വൈറസുകളുമായും പുതിയ ഉപവിഭാഗത്തിന് സാമ്യം കണ്ടെത്താനായില്ല.കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് സ്ഥിരീകരിച്ച 12,000 കേസുകളും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തവയായിരുന്നു. പ്രതിദിന രോഗ സ്ഥിരീകരണ നിരക്കും രാജ്യത്ത് വർദ്ധിച്ചിരിക്കുന്നു. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോഴും ലോക്ക് ഡൗണിൽ തുടരുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗൺ നടപ്പിലാക്കുന്നത്. പല പ്രദേശങ്ങളിലും ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ അനുമതിയില്ല. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ചുനൽകുന്ന രീതിയാണ് പലയിടങ്ങളിലും തുടരുന്നത്.