റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുക തന്നെ ചെയ്യും; പിൻമാറാം പക്ഷേ ഒരൊറ്റ കണ്ടീഷനിൽ
ന്യൂഡൽഹി: റഷ്യയുടെ യുക്രെയിൻ അധിനിവേശവും പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും ഒരു തരത്തിൽ ബാധിച്ചത് ഇന്ത്യയെയാണ്. സാമ്പത്തിക ഉപരോധങ്ങൾ മറികടന്ന് റഷ്യയുടെ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ മാദ്ധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളും ഒരുപോലെ വിമർശിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടിനും അമേരിക്ക പോലുള്ള വമ്പൻ ശക്തികളുടെ അതൃപ്തി വകവയ്ക്കാതെ റഷ്യയുമായി കച്ചവടം തുടരാനുമുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്താകാം?
രണ്ടാം ലോകമഹായുദ്ധത്തിന് പിന്നാലെ സ്ഥാപിതമായ നിയമങ്ങൾ സംരക്ഷിക്കുന്നതിനായി ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഓസ്ട്രേലിയയുടെ വ്യാപാര വകുപ്പ് മന്ത്രി ഡാൻ ടെഹാൻ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾ ഇന്ത്യ വകവയ്ക്കേണ്ടതില്ല. അമേരിക്കയും ഓസ്ട്രേലിയയും എണ്ണ കയറ്റുമതി ചെയ്യുന്ന സമ്പന്ന രാജ്യങ്ങളാണ്. പാശ്ചാത്യ ഉപരോധങ്ങൾ നിലവിൽ വന്നതിന് പിന്നാലെ എണ്ണ, വാതക വിലയിലുണ്ടായ ഭീമമായ വർദ്ധനയിൽ നേട്ടമുണ്ടായത് ഈ രാജ്യങ്ങൾക്ക് തന്നെയാണ്.
എന്നാൽ 70 ശതമാനവും ഇറക്കുമതിയിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഉപരോധങ്ങൾ ഏൽപ്പിച്ച ആഘാതം വലുതാണ്. യുദ്ധത്തിന് മുൻപ് തന്നെ മൊത്തവിലപ്പെരുപ്പം 12 ശതമാനം ആയിരുന്നത് ഉപരോധങ്ങൾ കൂടി എത്തിയതോടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്ന സ്ഥിതിയിൽ വരെയെത്തിച്ചേർന്നു. ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ വില ഇരട്ടിയായി. ആർ ബി ഐയ്ക്ക് സ്വീകാര്യമായ പരമാവധി 6 ശതമാനത്തേക്കാൾ ഉപഭോക്തൃ വിലപ്പെരുപ്പം 6.07 ശതമാനം കടന്നു.
പാചകവാതക വിലയും ഇന്ധനവിലയും വർദ്ധിച്ചതോടെ രാജ്യത്തെങ്ങും പ്രതിഷേധമുയർന്നു. പിന്നാലെ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ഇന്ധനങ്ങളുടെ എക്സൈസ് തീരുവയും പാചകവാതകത്തിന്റെ മൂല്യവർദ്ധിത നികുതിയും സർക്കാർ വെട്ടിക്കുറച്ചു. സർക്കാരിന്റെ നടപടി ജനങ്ങൾക്ക് ആശ്വാസമേകുമെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മന്ദഗതിയിലാവുകയും ഇത് സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുകയും ചെയ്യും. യുദ്ധത്തിന് മുൻപ് തന്നെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത ധനക്കമ്മി ജി ഡി പിയുടെ പത്ത് ശതമാനം ആയിരുന്നത് വീണ്ടും വർദ്ധിക്കാനും കാരണമാകും.
അധിനിവേശങ്ങൾ തെറ്റുതന്നെയാണ് ഇന്ത്യ അതിനെ എതിർക്കുകയും വേണം. എന്നാൽ ഇന്ത്യ- റഷ്യ പ്രതിരോധ ബന്ധം പോലെ തന്ത്രപരമായി പ്രാധാന്യമുള്ളവ സംരക്ഷിക്കാൻ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് പലപ്പോഴും തത്ത്വചിന്തകൾ മാറ്റിവയ്ക്കേണ്ടതായി വരും. കൂടാതെ റഷ്യൻ വിരുദ്ധ ഉപരോധത്തിന്റെ ഭാരം മറിക്കടക്കാൻ ഇന്ത്യയ്ക്ക് സഹായം കൂടിയേ തീരൂ.
ഉപരോധങ്ങൾ നിലനിൽക്കവേ തന്നെ യൂറോപ്പ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമ്പോൾ എന്തുകൊണ്ട് ഇന്ത്യ മാറിനിൽക്കണം. പാശ്ചാത്യ രാജ്യങ്ങൾ റഷ്യ മുന്നോട്ട് വയ്ക്കുന്ന വിലക്കിഴിവ് നൽകിയാൽ തീർച്ചയായും ഇന്ത്യയ്ക്ക് റഷ്യൻ കച്ചവട കരാറുകളിൽ നിന്ന് പിൻമാറാം. അല്ലാത്ത പക്ഷം ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാതെ നിർവാഹമില്ല.