പതിനൊന്നര കിലോ കഞ്ചാവും ഒന്നര കിലോയോളം ഹാഷിഷ് ഓയിലുമായി യുവതി പിടിയിൽ
അങ്കമാലി: കരയാംപറമ്പ് ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയായിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ ഒരു യുവതി അറസ്റ്റിൽ. മറ്റൂർ ഓഷ്യാനസ് ക്രസന്റ് ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയിൽ വീട്ടിൽ സീമ ചാക്കോ (സോണി 40) യെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറിൽ നിന്നാണ് പതിനൊന്നര കിലോ കഞ്ചാവും ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. ഇയാൾ ഉൾപ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ടയാളാണ് സീമ.
വിവിധ ഭാഷകൾ സംസാരിക്കാനറിയാവുന്ന ഇവർ കഞ്ചാവ് വാങ്ങാൻ പലവട്ടം മറ്റൊരു പ്രതിയായ റൊണാൾഡോ ജബാറുമൊത്ത് ആന്ധ്രയിൽ പോയിട്ടുണ്ട്. നെടുമ്പാശേരി കേന്ദ്രീകരിച്ചാണ് സീമയുടെ പ്രവർത്തനം. അടുത്ത കാലത്ത് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് സീമ. ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ അരുൺ ദേവ്, ടി.എം.സൂഫി, ഡിനി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.