നഗ്ന ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് 14 പേർ പിടിയിൽ, പരിശോധന വ്യാപിപ്പിച്ച് പൊലീസ്
കൊച്ചി: സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 14 പേരെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്. 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്ടോപും മൊബൈൽ ഫോണുകളുമായി 267 തൊണ്ടിമുതൽ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.ഇന്റർപോളിന്റെ സഹായത്തോടെ 448 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ കുറ്റങ്ങളാണ് പ്രതികളുടെ പേരിൽ ചേർത്തിരിക്കുന്നത്.സംസ്ഥാന പൊലീസും സൈബർ ഡോമും ചേർന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബർ ഓപ്പറേഷനാണിത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്തും പരിശോധിക്കുന്നുണ്ട്.