ക്ഷേത്രങ്ങളിൽ നിന്ന് നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണം; അയോദ്ധ്യ മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ട് യോഗി
അയോദ്ധ്യ: ക്ഷേത്രങ്ങളിൽ നിന്നും മറ്റ് ആരാധനാലയങ്ങളിൽ നിന്നും വാണിജ്യ നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് അയോദ്ധ്യ മുനിസിപ്പൽ കോർപ്പറേഷനോട് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ടാം തവണയും യുപി മുഖ്യമന്ത്രിയായ ശേഷം അയോദ്ധ്യ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഹനുമാൻഗർഹി ക്ഷേത്രത്തിലും ശ്രീരാമക്ഷേത്രത്തിന്റെ നിർമാണം നടക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു.ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും പൊതു സേവനങ്ങളും ചെയ്യുന്നതിനാൽ ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ, ധർമ്മശാലകൾ, ചാരിറ്റബിൾ ഓർഗനൈസേഷനുകൾ എന്നിവയിൽ നിന്നും കെട്ടിട നികുതി, ജലനികുതി, മലിനജല നികുതി എന്നിവ ഈടാക്കാൻ പാടില്ലെന്നും യോഗി പറഞ്ഞു. രണ്ട് കൊല്ലത്തിന് ശേഷം നടക്കാനിരിക്കുന്ന രാംനവമി മേളയുടെ ഒരുക്കങ്ങളും സന്ദർശനത്തിനിടെ യോഗി നിരീക്ഷിച്ചു. കൊവിഡിന് ശേഷമുള്ള ആദ്യ രാംനവമി ആയതിനാൽ ഈ മേള ഗംഭീരമാക്കണമെന്നും അയോദ്ധ്യയെ ലോക ഭൂപടത്തിൽ കൊണ്ടുവരണമെന്നും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. രാമക്ഷേത്ര നിർമാണം ആരംഭിച്ചതോടെ നിരവധി ഭക്തർ അയോദ്ധ്യയിലേക്ക് എത്തുമെന്നും അതിനാൽ ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും യോഗി പറഞ്ഞു.