ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് കോഴിയെ ബലി നൽകി; രണ്ട് പേർ അറസ്റ്റിൽ
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് കോഴിയെ ബലി നൽകി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദിത്യനാഥ് സുരേന്ദ്രൻ, സുനിൽ തണ്ടാശ്ശേരി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വടക്കേ നടയിൽ എത്തിയ ഇരുവരും ചേർന്ന് കോഴിയെ അറുക്കുകയായിരുന്നു. തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തുബലി നിരോധന നിയമപ്രകാരമാണ് നടപടി.കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പണ്ടൊക്കെ കോഴിയെ ബലി നൽകുന്ന ചടങ്ങ് ഭക്തർ നടത്താറുണ്ടായിരുന്നു. ജന്തുബലി നിരോധന നിയമപ്രകാരം ഇത്തരം ചടങ്ങുകൾ നടത്തരുതെന്ന് കർശന നിർദേശമുണ്ടായിരുന്നു. ആദിത്യനാഥും സുനിലും കോഴിയെ ബലി നൽകിയതോടെ അവിടെയുണ്ടായിരുന്ന പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും ഇതിൽ ഇടപെടുകയും കൈയോടെ പിടികൂടുകയുമായിരുന്നു.