തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ അർധ അതിവേഗ റെയിൽപാത പദ്ധതിയുടെ ആകാശ സർവേക്കായി തയ്യാറാക്കിയ ഹെലികോപ്റ്റർ കര, നാവിക, വ്യോമ സേനാധികൃതരും ഇന്റലിജൻസും പരിശോധിച്ചു. വെള്ളിയാഴ്ച ഡൽഹിയിലായിരുന്നു പരിശോധന. പരിശോധന സർട്ടിഫിക്കറ്റ് തിങ്കളാഴ്ച ലഭ്യമാകുമെന്ന് കേരള റെയിൽ ഡെവലപമെന്റ് കോർപറേഷൻ എംഡി വി അജിത് കുമാർ അറിയിച്ചു.
ലേസർ രശ്മി ഉപയോഗിച്ചുള്ള സർവേയായതിനാൽ രാജ്യസുരക്ഷാ അധികാരികളുടെ മുഴുവൻ പരിശോധനയും അനുമതിയും ആവശ്യമാണ്. ഇതിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഡൽഹിയിൽ സജ്ജമായിരിക്കുന്ന ഹെലികോപ്റ്ററിന്റെ പരിശോധന സർട്ടിഫിക്കറ്റ് ലഭ്യമായാൽ ഉടൻ ഹെലികോപ്റ്റർ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും. ആകാശ സർവേ കാസർകോടുനിന്നാണ് ആരംഭിക്കുക. കാൺപുർ ഐഐടി ആസ്ഥാനമായ ‘ജിയോക്നോ’എന്ന സ്ഥാപനത്തിനാണ് സർവേ ചുമതല. റിപ്പോർട്ട് ഒരു മാസത്തിനകം ലഭിക്കും.