മഞ്ചേരി നഗരസഭാ കൗണ്‍സിലറുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
മലപ്പുറം: മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നെല്ലിക്കുന്നത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.മഞ്ചേരി നഗരസഭാ കൗൺസിലറായ തലാപ്പിൽ അബ്ദുൾ ജലീൽ(52) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 29ന് രാത്രി പത്തോടെയാണ് ജലീലിനെതിരെ ആക്രമണമുണ്ടായത്. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഞ്ചേരി നഗരസഭയിലെ 16ാം വാർഡ് കൗൺസിലറും മുസ്ളീം ലീഗ് നേതാവുമായിരുന്നു അബ്ദുൾ ജലീൽ.കേസിൽ പാണ്ടിക്കാട് കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (26) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പ്രതികളുടെ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.