ഞാൻ മോദിയെ കൊല്ലും”, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി;
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി മുഴക്കി ഇ മെയിൽ സന്ദേശം. തന്റെ കൈവശം 20 കിലോ ആർ ഡി എക്സ് ഉണ്ടെന്നും, അതുപയോഗിച്ച് പ്രധാനമന്ത്രിയെ അപകടപ്പെടുത്തുമെന്നും ഭീഷണി മുഴക്കിക്കൊണ്ടുള്ള ഇമെയിൽ സന്ദേശം ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ ഐ എ) മുംബയ് കേന്ദ്രത്തിലാണ് ലഭിച്ചത്.പ്രധാനമന്ത്രിക്കൊപ്പം ലക്ഷക്കണക്കിന് ആളുകളെയും വധിക്കും. താൻ ചില തീവ്രവാദികളുമായി കണ്ടുമുട്ടി. അവർ തനിക്ക് ആർ ഡി എക്സ് തന്ന് സഹായിക്കും. വളരെ എളുപ്പത്തിൽ ബോംബുകൾ ലഭിച്ചതിൽ സന്തോഷമുണ്ട്. ഇനി എല്ലായിടത്തും സ്ഫോടനം നടത്തും. അതിനുള്ള പദ്ധതികൾ രൂപീകരിച്ചു കഴിഞ്ഞു. കയ്യിലുള്ള 20 കിലോ ആർ ഡി എക്സ് പ്രധാനപ്പെട്ട നഗരങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു. 20 സ്ലീപ്പർ സെല്ലുകളെ സജീവമാക്കി കഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളെ കൊല്ലും. മോദിയെ കഴിയുന്നത്ര വേഗത്തിൽ കൊല്ലണം. മോദിയാണ് എന്റെ ജീവിതം നശിപ്പിച്ചത്. ആരെയും വെറുതെ വിടില്ല. 20 ദശലക്ഷം ആളുകളെ താൻ കൊല്ലുമെന്നും മെയിലിൽ പറയുന്നു.
എൻ ഐ എയും രഹസ്യാന്വേഷണ ഏജൻസിയും ഇമെയിൽ അയച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിവിധ ഭീകരസംഘടനകൾക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. മെയിലിന്റെ ഐ പി വിലാസം ട്രാക്ക് ചെയ്യുകയാണെന്നും ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തെ പറ്റി എൻ ഐ എ അന്വേഷണം ആരംഭിച്ചു. നിലവിൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.