വീണ്ടും നിങ്ങളിലേക്ക് എന്നെ എത്തിച്ചു, ഇതെല്ലാം ഞാൻ എന്നും ഓർക്കും; മഹാന്റെ വിജയത്തിൽ നന്ദി പറഞ്ഞ് വിക്രം
ജീവിതത്തിലെ സുന്ദരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് വിജയം ആസ്വദിക്കുന്ന നിമിഷമെന്നും മഹാൻ അത്തരത്തിൽ അവിസ്മരണീയമായ ഒരു അനുഭവമായിരുന്നുവെന്നും നടൻ വിക്രം. ചിത്രത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് സോഷ്യൽമീഡിയയിൽ അദ്ദേഹം കുറിപ്പ് പങ്കുവച്ചു.
‘ചിത്രം അഞ്ച് ഭാഷകളിലേക്ക് മൊഴിമാറ്റാൻ കഴിഞ്ഞതും മെഗാഹിറ്റ് ആകാൻ കഴിഞ്ഞുവെന്നതും വളരെയധികം സന്തോഷം നൽകുന്നു. കുറേ നാളുകൾക്ക് ശേഷമാണ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ രാജ്യത്തെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട ആരാധകരെയും അഭ്യുദയകാംക്ഷികളെയും കാണുവാനായി എത്തിയിരിക്കുന്നത്. ‘മഹാൻ’ ഒരു മെഗാഹിറ്റ് ആക്കി മാറ്റിയ നിങ്ങളോട് നന്ദി പറയാൻ പറ്റിയ സമയം ഇതാണ്.
സിനിമ ഒരു ആഘോഷമാക്കി മാറ്റിയ എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു. നിങ്ങൾക്ക് എന്നോടുള്ള സ്നേഹവും കരുതലും എന്നെ വീണ്ടും നിങ്ങളിലേക്ക് തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു.
കൂടുതൽ ഉത്തരവാദിത്തബോധമുള്ള ഒരു കലാകാരനെന്ന നിലയ്ക്ക് ഞാൻ ഇതെല്ലാം ഏറ്റവും കൃതാർത്ഥയോടെ ഇഷ്ടത്തോടെ ഓർക്കും.” കാർത്തിക് സുബ്ബരാജിന് പുറമെ ബോബി, ധ്രുവ്, സിമ്രാൻ, സന, ശ്രേയസ്, ദിനേശ്, ആമസോൺ പ്രൈം തുടങ്ങിയവർക്കും വിക്രം നന്ദി പറഞ്ഞു.