റഷ്യയിൽ യുക്രെയിന്റെ അപ്രതീക്ഷിത വ്യോമാക്രമണം; ഇന്ധന ഡിപ്പോയ്ക്ക് നേരെ മിസെെലുകൾ വർഷിച്ചു, സെെനിക ഹെലികോപ്ടറുകൾ അതിർത്തി കടന്നത് താഴ്ന്നുപറന്ന്
ബെൽഗൊറോദ്: റഷ്യൻ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണവുമായി യുക്രെയിൻ. റഷ്യൻ അധിനിവേശം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് യുക്രെയിൻ ഇത്തരമൊരു നീക്കം നടത്തുന്നത്. അതിർത്തി നഗരമായ ബെൽഗൊറോദിലെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് യുക്രെയിൻ സെെനിക ഹെലികോപ്ടറുകൾ ആക്രമണം നടത്തിയത്.രാവിലെ രാവിലെ നടന്ന ആക്രമണത്തിൽ ഡിപ്പോയ്ക്ക് തകരാറുകൾ സംഭവിച്ചു. ഡിപ്പോയിലെ രണ്ട് ജീവനക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സെെനിക ഹെലികോപ്ടറുകളിൽ നിന്ന് നിരവധി മിസെെലുകൾ തൊടുത്തതായി റഷ്യ പറയുന്നു. താഴ്ന്നുപറന്നാണ് ഹെലികോപ്ടറുകൾ അതിർത്തി കടന്നെത്തിയത്.അപകടത്തിന് പിന്നാലെ ബെൽഗൊറോദിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് മേഖലാ ഗവർണർ വ്യാചസ്ലാവ് ഗ്ലാദ്കോവ് പറഞ്ഞു. ഇന്ധന ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യൻ എണ്ണക്കമ്പനി റോസ്നെഫ്റ്റ് അഗ്നിബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും യുക്രെയിന്റെ ആക്രമണമാണോ ഇതെന്ന കാര്യത്തിൽ ഇവർ ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.