ന്യൂഡൽഹി : ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് പുലർച്ചെ 3.30ഓടെയായിരുന്നു ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ ജുമാ മസ്ജിദിൽ പ്രാർത്ഥനയ്ക്ക് ശേഷം ആസാദിന്റെ നേതൃത്വത്തിൽ ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയത് അസാധാരണ സംഘർഷാവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് ജനങ്ങളാണ് ജുമാ മസ്ജിദിൽ തടിച്ചുകൂടിയത്. നിരവധി വാഹനങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നാല് പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.ദര്യഗഞ്ജില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തിനിടെ കുട്ടികളുൾപ്പെടെ നാൽപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒമ്പത് കുട്ടികളെ വിട്ടയച്ചു. മാതാപിതാക്കൾ എത്തിയാലെ കുട്ടികളെ വിട്ടയക്കൂവെന്ന നിലപാടിലായിരുന്നു പൊലീസ്.അതേസമയം ഉത്തർപ്രദേശിൽ ഇന്നലെ നടന്ന പ്രക്ഷോഭത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മരണസഖ്യ പത്തായി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. മീററ്റിൽ പൊലീസ് സ്റ്റേഷനും വാഹനങ്ങൾക്കും കത്തിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ അലിഗഡിലും മീററ്റിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം നടന്ന പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. 3500 പേരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.