ബിരിയാണി കഴിച്ചാൽ കുട്ടികളുണ്ടാവില്ലെന്ന് ഹിന്ദുത്വ സംഘനകൾ; പകരം ഉള്ളിക്കറി കഴിച്ചാൽ കുഴപ്പമുണ്ടോയെന്ന് മന്ത്രി വി ശിവൻകുട്ടി
ബിരിയാണി കഴിച്ചാൽ കുട്ടികളുണ്ടാവില്ലെന്ന ഹിന്ദുത്വ സംഘനകളുടെ പ്രചാരണത്തിന് ചുട്ട മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. തമിഴ്നാട്ടിലെ മുസ്ലിം വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി നൽകിയിരിക്കുന്നത്. ‘അപ്പോൾ ഇന്നുച്ചയ്ക്ക് ബിരിയാണിയാകാം’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.ബിരിയാണിയിൽ വന്ധ്യതയ്ക്ക് കാരണമാകുന്ന ഗുളികകൾ ചേർക്കുന്നു എന്ന പ്രചാരണമാണ് വ്യാപകമായി നടക്കുന്നത്. ഹിന്ദുക്കളെ വന്ധ്യംകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കടകൾ പ്രവർത്തിക്കുന്നത് എന്നാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നവർ ആരോപിക്കുന്നത്. രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കഴിഞ്ഞ വർഷം സമാന രീതിയിൽ പ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കുറിപ്പുകളും ബിരിയാണി ജിഹാദ് ഇൻ കോയമ്പത്തൂർ എന്ന പേരിലെ ഫേസ്ബുക്ക് അക്കൗണ്ടിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ വ്യാജ വാർത്തകൾ പങ്കുവയ്ക്കരുത് എന്നാവശ്യപ്പെട്ട് കോയമ്പത്തൂർ സിറ്റി പൊലീസ് പ്രസ്താവനയിറക്കുകയും ചെയ്തു.മന്ത്രി വി ശിവൻകുട്ടി പങ്കുവച്ച ചിത്രത്തിൽ ‘അപ്പോൾ ഉള്ളിക്കറി തിന്നാലോ’ എന്നൊരു ചോദ്യവും ഉണ്ട്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും സുഹൃത്തുക്കളും തട്ടുകടയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ കുറച്ചു വർഷങ്ങൾക്ക് മുൻപ് വ്യാപകമായി പ്രചരിച്ചിരുന്നു. ‘ബീഫ് കഴിക്കുന്ന കേരളത്തിലെ ബി ജെ പി നേതാവ് എന്ന പേരിൽ പ്രചരിച്ച ചിത്രത്തിന് സുരേന്ദ്രൻ നൽകിയ വിശദീകരണം ഏറെ ട്രോളുകൾക്ക് വഴിതെളിക്കുകയും ചെയ്തു. താൻ കഴിച്ചത് ഉള്ളിക്കറിയാണെന്നും ബീഫ് അല്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ വിശദീകരണം. ഇതിനെ ബന്ധപ്പെടുത്തിയാണ് ബിരിയാണിയ്ക്ക് പകരം ഉള്ളിക്കറി കഴിക്കാമോയെന്ന് മന്ത്രി പരിഹസിച്ചത്.