സർക്കാരിന്റെ മദ്യനയത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി; തിരുത്തൽ വേണമെന്ന് ആവശ്യം
തിരുവനന്തപുരം: മദ്യനയത്തിൽ തിരുത്തൽ വേണമെന്ന് സൂചിപ്പിച്ച് കേരള കോൺഗ്രസ് അദ്ധ്യക്ഷൻ ജോസ് കെ മാണി. സംസ്ഥാനത്ത് ഇന്നുമുതൽ പുതിയ മദ്യനയം നിലവിൽ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്താമാക്കിയത്. ചിലയിടങ്ങളിൽ ആശങ്കയുണ്ട്, അത് തിരുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.കെ റെയിൽ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുത്തു മാത്രമേ മുന്നോട്ടു പോകുകയുള്ളൂ. ചിലയിടങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാൻ തീരുമാനമായിരിക്കുകയാണ്. സൈനിക- അർദ്ധ സൈനിക ക്യാന്റീനുകളിൽ നിന്നുമുള്ള മദ്യത്തിന് വില കൂടും. ബാറുകളുടെ വിവിധ ഫീസുകളും വർദ്ധിപ്പിച്ചു. ഐടി പാർക്കുകളിൽ ബിയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും നിലവിൽ വരും. പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. ഒന്നാം തീയതി ഡ്രൈ ഡേയായി തന്നെ തുടരും.മദ്യശാലകളിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുന്നത്. പൂട്ടിയ ഷോപ്പുകൾ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വിൽപ്പനശാലകൾ കൂടി തുറക്കണമെന്ന ആവശ്യമാണ് ബിവറേജസ് കോർപ്പറേഷൻ മുന്നോട്ട് വച്ചത്. പുതിയ യൂണിറ്റുകൾ ആരംഭിച്ച് ഉത്പാദനം വർദ്ധിപ്പിക്കും. കള്ള് ചെത്ത് വ്യവസായ ബോർഡ് പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യത്തിൽ നിലവിലെ ലൈസൻസികൾക്ക് ഷാപ്പ് നടത്താനുള്ള അനുമതിയും നൽകും.