പ്രവാസിയായ ഭാര്യ നാട്ടിലെത്തിയ ദിവസം മുതൽ രൂക്ഷമായ കുടുംബവഴക്ക്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു
കുന്നത്തൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഗൃഹനാഥൻ വീട്ടിൽ തൂങ്ങിമരിച്ചു. കോവൂർ ഗവ. സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജിൽ ബിനുവാണ് (45) മരിച്ചത്.ഭാര്യ ലീനയെ ഗുരുതര പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലത് കൈയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം.കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന ലീനയെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം വീട്ടിനുള്ളിൽ കയറിയ ബിനു തൂങ്ങിമരിക്കുകയായിരുന്നു. ഇസ്രയേലിൽ ജോലി ചെയ്തിരുന്ന ലീന ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതൽ ഇരുവരും വഴക്കിട്ടിരുന്നതായി അയൽവാസികൾ പറയുന്നു. ബിനുവിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇവർക്ക് രണ്ട് മക്കളുണ്ട്.