എംബിബിഎസ് അവസാന വർഷ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥികൾ; അധ്യയനം പൂർത്തിയാക്കാതെ പരീക്ഷയെന്ന് പരാതി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു 2017 എംബിബിഎസ്ബാച്ചുകാരുടെ അവസാന വർഷ പരീക്ഷ ആണ് വിദ്യാർഥികൾ ബഹിഷ്കരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ആകെ പരീക്ഷയെഴുതിയത് 20 വിദ്യാർഥികൾ മാത്രമാണ്. 190 വിദ്യാർഥികൾ ഇവിടെ മാത്രം പരീക്ഷ ബഹിഷ്കരിച്ചു. ആവശ്യത്തിന് ക്ലാസുകൾ നൽകാതെ പരീക്ഷ നടത്തിയതിൽ പ്രതിഷേധിച്ചാണ് പരീക്ഷ ബഹിഷ്കരിച്ചത്.ഇന്നത്തെ പരീക്ഷയിൽ എത്ര കുട്ടികൾ പങ്കെടുക്കുന്നു എന്ന് നോക്കി തീരുമാനമെടുക്കാൻ ആരോഗ്യ സർവ്വകലാശാലയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
എം ബി ബി സ്അവസാന വർഷ വിദ്യാർഥികളുടെ അധ്യയന ദൈർഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. സിലബസ് പ്രകാരം ഒരു വർഷം കൊണ്ട് മാത്രം തീർക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ് തീർത്തത്. അതേസമയം ദേശീയ മെഡിക്കൽ കമ്മിഷൻ (national medical commission)നിർദേശം അനുസരിച്ച് ബോർഡ് ഓഫ് എക്സാമിനേഷൻസ് എടുത്ത തീരുമാനപ്രകാരമാണ് പരീക്ഷ എന്നാണ് ആരോഗ്യ സർവകലാശാലയുടെ വിശദീകരിച്ചത്.
കൊവിഡ് സാഹചര്യത്തിൽ കൂടുതലും ഓൺലൈൻ പഠനമാണ് ഉണ്ടായത്. രോഗിയെ കണ്ട് പഠിക്കേണ്ട ക്ലിനിക്കൽ വിഷയങ്ങളിലെ പഠനം തീരെ കുറഞ്ഞു. പഠനം ഓട്ടപ്പാച്ചിലിലാണെങ്കിലും പക്ഷേ പരീക്ഷ അതിവേഗത്തിലാണ്. ഇത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകർച്ചക്ക് കാരണമാകുമെന്നും വൈദഗ്ധ്യമില്ലാത്ത ഒരു പുതു തലമുറ ഡോക്ടർമാർ പുറത്തിറങ്ങുമെന്നുമുള്ള ആശങ്ക വിദ്യാർഥികൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു . വേണ്ടത്ര സ്റ്റഡി ലീവ് പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. കൂടുതൽ ക്ലാസുകൾ നൽകുന്നതിനായി സർവകലശാല പരീക്ഷകൾ നീട്ടിവെക്കണമെന്ന് മെഡിക്കൽ കോളേജ് തലവന്മാർ സർവകലാശാല വൈസ് ചാൻസലർക്ക് അപേക്ഷ നൽകിയെങ്കിലും പരീക്ഷ നടത്തുകയല്ലാതെ മറ്റ് നിവൃത്തി ഇല്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ആരോഗ്യ സർവകലാശാല ചെയ്തത്. ഇതിനെതിരെയുള്ള പ്രതിഷേധമായി ഇന്നത്തെ പരീക്ഷ ബഹിഷ്കരണം.
ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശം അനുസരിച്ച് സർവകലാശാലയിലെ ബോർഡ് ഓഫ് എക്സാമിനേഷൻസും വിവിധ വകുപ്പ് തലവന്മാരും യോഗം ചേർന്ന് പരീക്ഷ തിയതി തീരുമാനിക്കുകയായിരുന്നു. അധ്യയനത്തിലും പഠനത്തിനും പരമാവധി സമയം കിട്ടാൻ വേണ്ടി മാർച്ച് അവസാനത്തോടെയാണ് പരീക്ഷ നടത്താൻ തീരുമാനിച്ചത്. ഇതിൽ കൂടുതൽ സമയം അനുവദിക്കാൻ നിലവിലെ സാഹചര്യത്തിലാകില്ലെന്നും അല്ലെങ്കിൽ മെഡിക്കൽ കമ്മിഷൻ അനുമതി വേണമെന്നുമാണ് വൈസ് ചാൻസലർ ഡോ.കെ.മോഹൻ അന്ന് വിശദീകരിച്ചത്. അധ്യയന ദിവസങ്ങൾ ചുരുക്കിയിരുന്നെങ്കിലും പാഠഭാഗങ്ങൾ പൂർണമായും തീർത്തിരുന്നുവെന്നും സർവകലാശാല വിശദീകരിച്ചിരുന്നു
പരീക്ഷ നേഗം നടത്തി ഫല പ്രഖ്യാപനവും അതിവേഗം നടത്താനായിരുന്നു ആരോഗ്യ സർവകലാശാല നീക്കം. ഇത്തവണം ഡിജിറ്റൽ വാല്യുവേഷനാണ്. അതിനാൽ പരീക്ഷ കഴിഞ്ഞാലുടൻ മൂല്യ നിർണയം നടത്തി ഫലം പ്രഖ്യാപിക്കാനാകുമെന്നും സർവകലാശാല വി സി ഡോ.കെ.മോഹൻ പറഞ്ഞിരുന്നു