ദിലീപിന്റെ ഫോണിലെ കോടതി രേഖകൾ: അന്വേഷണം ശക്തമാക്കാൻ ക്രൈംബ്രാഞ്ച്, ജീവനക്കാരെ ചോദ്യം ചെയ്തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകൾ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. കോടതി ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും പ്രധാന അന്വേഷണം എന്നാണറിയുന്നത്. ജീവനക്കാരെ ചോദ്യംചെയ്യുന്നതിനായി വിചാരണക്കോടതിയുടെ അനുമതി തേടുന്നതിനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. കോടതി രേഖകൾ എങ്ങനെ ദിലീപിന് കിട്ടി എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.ദിലീപിന്റെ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിചാരണയുമായി ബന്ധപ്പെട്ട ചില രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഫോണിലെ രേഖകൾ നശിപ്പിക്കാൻ ദിലീപിന് സഹായം നൽകിയ സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്ക്കില്‍നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇതെല്ലാം കോടതിയില്‍നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളല്ലെന്നും ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചവയാണ് ഇതെല്ലാം എന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇവ സംഘടിപ്പിക്കാൻ കോടതിയിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം കരുതുന്നു. ദിലീപിന്റെ കേസ് വാദിച്ച അഭിഭാഷകർക്കും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്തിയോ എന്നും പരിശോധിക്കും. ഇതിനുവേണ്ടിയാണ് ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഇന്നും ശക്തമായ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. ദിലീപിനെതിരെ ശക്തമായ തെളിവുകൾ കൈയിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്നും ഇത് അദ്ദേഹത്തിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലേയെന്നുമാണ് കോടതി ചോദിച്ചത്. ഇന്നലെയും വാദത്തിനിടെ ബാലചന്ദ്രകുമാറിനെതിരെ കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.