കൊവിഡിൽ തകരുന്ന വിദ്യാഭ്യാസം; 23 രാജ്യങ്ങൾ ഇനിയും വിദ്യാലയങ്ങൾ പൂർണമായി തുറന്നിട്ടില്ല; വായിക്കാനും എണ്ണാനുമറിയാത്തവർ അനേകം
ന്യൂയോർക്ക്: കൊവിഡ് 19 രോഗവ്യാപനം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ 23 രാജ്യങ്ങൾ ഇനിയും വിദ്യാലയങ്ങൾ പൂർണമായി തുറന്നിട്ടില്ലെന്ന് യുനിസെഫ്. ഇതിന്റെ ഫലമായി സ്കൂൾ വിദ്യാർത്ഥികളായ 405 ദശലക്ഷം കുട്ടികൾക്ക് പഠനം കൃത്യമായി ലഭിക്കുന്നില്ലെന്നും പലരും പഠനം ഉപേക്ഷിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.’കുട്ടികൾ യഥാർത്ഥത്തിൽ പഠിക്കുന്നുണ്ടോ’ എന്ന വിഷയത്തിൽ 32 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. രണ്ട് വർഷത്തിനിടെ 147 ദശലക്ഷത്തിൽപ്പരം കുട്ടികൾക്ക് പകുതിയിൽക്കൂടുതൽ പഠനം നഷ്ടമായി. വിദ്യാലയങ്ങൾ തുറന്നിട്ടും അനേകം കുട്ടികൾ തിരികെയെത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.2020 ഡിസംബറിൽ വിദ്യാലയങ്ങൾ തുറന്ന ശേഷം ലൈബീരിയയിൽ 43 ശതമാനം വിദ്യാർത്ഥികൾ തിരികെയെത്തിയില്ല. ദക്ഷിണാഫ്രിക്കയിൽ ഇത് 250,000ൽ നിന്ന് 750,000 ആയി വർദ്ധിച്ചു. 2022 ജനുവരിയിൽ സ്കൂൾ തുറന്ന ശേഷം പത്തിൽ ഒരു വിദ്യാർത്ഥി ഉഗാണ്ടയിൽ തിരികെയെത്തിയില്ല. 2020-21നും ഇടയിൽ മലാവിയിൽ പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നതിന്റെ നിരക്ക് 48 ശതമാനമായി വർദ്ധിച്ചു. കെനിയയിൽ 16 ശതമാനം പെൺകുട്ടികളും എട്ട് ശതമാനം ആൺകുട്ടികളും പഠനം നിർത്തി.ഈ രാജ്യങ്ങളിലെ വിദ്യാഭ്യാസം വളരെ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. അടിസ്ഥാനപരമായി വായന വൈദഗ്ദ്ധ്യം നേടിയെടുക്കാൻ കുറഞ്ഞത് ഏഴു വർഷമെങ്കിലും വേണ്ടിവരും. സംഖ്യകൾ പഠിക്കാനും എണ്ണാനും മറ്റും കുറഞ്ഞത് 11 വർഷമെങ്കിലും ആവശ്യമായി വരും. പലയിടങ്ങളിലും കുട്ടികൾ അടിസ്ഥാന വിദ്യാഭ്യാസമെങ്കിലും നേടിയെന്ന് ഉറപ്പിക്കാനാകില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.