അനിയത്തിപ്രാവ് ചെയ്യേണ്ടിയിരുന്നത് ഞാൻ, കുഞ്ചാക്കോ ബോബൻ സിനിമയുടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി; വെളിപ്പെടുത്തലുമായി നടൻ കൃഷ്ണ
ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ കുടുംബ സദസുകളുടെ പ്രിയങ്കരനാക്കി മാറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. 1996 മാർച്ച് 26നായിരുന്നു സിനിമയുടെ റിലീസ്.
അനിയത്തിപ്രാവിന് പിന്നാലെ നിരവധി ഹിറ്റ് ചിത്രങ്ങളും കുഞ്ചാക്കോ ബോബനെ തേടിയെത്തി. സിനിമയുടെ സിൽവർ ജൂബിലി ലൊക്കേഷനിൽ കേക്ക് മുറിച്ചാണ് താരം ആഘോഷിച്ചത്. ഇതിനുപിന്നാലെ അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ കൃഷ്ണ.
നിർഭാഗ്യവശാലാണ് ആ വേഷം കൈവിട്ടുപോയതെന്നും, കുഞ്ചാക്കോ ബോബൻ സിനിമയുടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നത് കാണ്ടപ്പോൾ വിഷമം തോന്നിയെന്നും കൃഷ്ണ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ഇന്ന് ഒരുപാട് അഭിനേതാക്കളുണ്ടെന്നും, സിനിമയിൽ നമ്മളെ തന്നെ വേണമെന്ന് ആർക്കും വാശിപിടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.