സർക്കാർ നിയന്ത്രണത്തിലുള്ള ആഡംബര ഗസ്റ്റ് ഹൗസിൽ പതിനേഴുകാരി പീഡനത്തിനിരയായി; പെൺകുട്ടിയെ കൊണ്ടുപോയത് ഉയർന്ന മാർക്ക് നേടാൻ സഹായിക്കാമെന്ന് പറഞ്ഞ്
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സുഹൃത്ത് പീഡനത്തിനിരയാക്കിയതായി പരാതി. സർക്കാർ നിയന്ത്രണത്തിലുള്ള ആഡംബര ഗസ്റ്റ് ഹൗസിനുള്ളിൽവച്ച് പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. രേവ ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.
ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സർക്യൂട്ട് ഹൗസിലാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ രേവ സന്ദർശനത്തിന് ഒരു ദിവസം മുമ്പായിരുന്നു സംഭവം. ഗവൺമെന്റ് ഡിഗ്രി കോളേജ് ഫോർ ഗേൾസിലെ (ജിഡിസി) വിദ്യാർത്ഥിനിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്.പരീക്ഷയിൽ ഉന്നത വിജയം നേടാൻ സഹായിക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ സുഹൃത്ത് സർക്യൂട്ട് ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെവച്ച് ബലാത്സംഗം ചെയ്യുകയും മദ്യം കുടിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. മുറിയിൽ അഞ്ചോ ആറോ പേരുണ്ടായിരുന്നു. ഇവരെല്ലാം മദ്യലഹരിയിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
പീഡനവിവരം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് രാത്രി പതിനൊന്നരയോടെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. പരാതിയിൽ പറഞ്ഞിരിക്കുന്ന ആളുകൾ രാഷ്ട്രീയ സ്വാധീനമുള്ളവരായതിനാൽ പൊലീസ് ആദ്യം കേസെടുക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പരാതി നൽകാൻ ചെന്നപ്പോൾ രാത്രി മുഴുവൻ പതിനേഴുകാരിയെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചെന്നും ആരോടും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രാദേശിക നേതാക്കൾ ഇടപെട്ടതോടെയാണ് പൊലീസ് കേസെടുത്തത്. അതേസമയം പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.