അച്ഛൻ വിരമിച്ചപ്പോൾ കിട്ടിയ 75 ലക്ഷത്തിൽ നിന്ന് 25 ലക്ഷം കല്യാണ ആവശ്യത്തിന് വേണമെന്ന ഹർജിയുമായി മകൾ, കോടതി ഉത്തരവിങ്ങനെ
ന്യൂഡൽഹി:അവിവാഹിതയായ മകൾക്ക് അവളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ചെലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. വിവാഹ ആവശ്യത്തിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് അവിവാഹിതയായ മകൾ നൽകിയ അപേക്ഷ കുടുംബകോടതി തള്ളിയതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ ജസ്റ്റിസ് ഗൗതം ഭാദുരി, ജസ്റ്റിസ് സഞ്ജയ് എസ് അഗർവാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.ഇന്ത്യൻ സമൂഹത്തിൽ വിവാഹത്തിന് മുമ്പും വിവാഹ സമയത്തും സാധാരണയായി ചെലവുകളുണ്ടാകും. അത്തരം ഘട്ടങ്ങളിൽ അവിവാഹിതരായ മക്കൾക്ക് രക്ഷിതാക്കളിൽ നിന്നും അത് ലഭിക്കാനുള്ള അവകാശമുണ്ട്. അതിന് നേരെ കോടതികൾക്ക് കണ്ണടക്കാനാകില്ല. ഹൈക്കോടതി ചൂണ്ടിക്കാട്ടി.കുട്ടിയുടെ പിതാവ് ജോലിയിൽ നിന്നും വിരമിച്ച ശേഷം 75 ലക്ഷം രൂപ ലഭിച്ചുവെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. തുടർന്ന് കുടുംബകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, യോഗ്യതയനുസരിച്ച് തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കുടുംബകോടതിയോട് നിർദ്ദേശിച്ചു.