വധ ഗൂഢാലോചന കേസ്; ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും, വിദേശത്തുള്ള കാവ്യ മാധവൻ തിരിച്ചെത്തിയാലുടൻ ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിക്കുന്നത്.ദിലീപ് നേരത്തെ ഉന്നയിച്ച വാദങ്ങളിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് നടന്റെ വാദം. എന്നാൽ ദിലിപീനെതിരെ തെളിവുണ്ടെന്നും കേസ് റദ്ദാക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.കേസിൽ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്തേക്കും. ഇപ്പോൾ വിദേശത്തുള്ള കാവ്യ തിരിച്ചെത്തിയാലുടൻ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടീസ് നൽകും. സാക്ഷികളെ സ്വാധീനിക്കാൻ നടിയും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.വധഗൂഢാലോചന കേസിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യാ ഹോട്ടൽ ആൻഡ് ട്രാവൽസ് ഉടമയുമായ ശരത് ജി.നായരെ ഇന്നലെ പ്രതിചേർത്തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ ശരത്തിന്റെ ശബ്ദവും ഫോട്ടോയും തിരിച്ചറിഞ്ഞതിന്റെയും കേസിൽ ഇയാളുടെ പങ്ക് വ്യക്തമായതിന്റെയും അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്.