കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർദ്ധിപ്പിച്ചു; ഗുണം ലഭിക്കുക 50 ലക്ഷത്തോളം ജീവനക്കാർക്ക്
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വർദ്ധിപ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഈ വർഷം ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധനവ് നിലവിൽ വരിക. ഏഴാം കേന്ദ്ര ശമ്പളകമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വർദ്ധന.നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 31 ശതമാനമാണ്. ഈ വർദ്ധനവോടെ ഇത് 34 ശതമാനമായി ഉയരും. ഇതോടെ 47.68 ലക്ഷം ജീവനക്കാർക്കും 68.62 ലക്ഷം പെൻഷൻകാർക്കും വർദ്ധനവിന്റെ ഗുണം ലഭിക്കും.9,544.50 കോടി രൂപയുടെ അധിക ബാധ്യതയാണ് ഈ വർദ്ധനവോടെ സർക്കാരിന് ഉണ്ടാവുക. പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിൽ ഏൽപ്പിക്കുന്ന ആഘാതം നികത്തുന്നതിനാണ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുന്നത്. മാർച്ചിലെ ശമ്പളത്തോടൊപ്പം പുതുക്കിയ ഡിഎയും ജീവനക്കാർക്ക് ലഭിക്കും. കഴിഞ്ഞ വർഷം ഒക്ടോബറിൽ ക്ഷാമബത്ത 28 ശതമാനത്തിൽ നിന്ന് 31 ശതമാനമാക്കി ഉയർത്തിയിരുന്നു.