ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചു; കർണാടകയിൽ രണ്ട് സൂപ്രണ്ടുമാർ ഉൾപ്പടെ ഏഴ് അദ്ധ്യാപകർക്ക് സസ്പെൻഷൻ
ബംഗളൂരു: മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിച്ച പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് അദ്ധ്യാപകർക്ക് സസ്പെൻഷൻ. എസ് എസ് എൽ സി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളെയാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അദ്ധ്യാപകർ അനുവദിച്ചത്.കർണാടകയിലെ ഗഡഗ് ജില്ലയിലെ സിഎസ് പാട്ടീൽ ബോയ്സ് ഹൈസ്കൂൾ, സിഎസ് പാട്ടീൽ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ എസ് എസ് എൽ സി പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നത്. രണ്ട് കേന്ദ്രങ്ങളിലെയും പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള സൂപ്രണ്ടുമാരുൾപ്പടെ ഏഴ് അദ്ധ്യാപകർക്കെതിരെയാണ് നടപടി.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് തടഞ്ഞു കൊണ്ട് കഴിഞ്ഞ മാർച്ച് 15 നാണ് കർണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കോളേജിൽ ഹിജാബ് ധരിച്ചതിന് കർണാടക ഉഡുപ്പി പ്രി യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ആറ് വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു.ഇവരാണ് ഹിജാബ് ധാരണം സംബന്ധിച്ച് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഹിജാബ് നിരോധിക്കുകയായിരുന്നു. വിധിയ്ക്കെതിരെ വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.