ഞാനും പാർട്ടിക്കാരനാണ്, സർക്കാർ ഇപ്പോൾ പറയുന്നത് നുണ; ഗ്യാസ് സിലിണ്ടർ തുറന്ന് വച്ച് ആത്മഹത്യാ ഭീഷണി; കൊല്ലത്ത് ഇന്നും പ്രതിഷേധം
കൊല്ലം: സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. കൊട്ടിയം തഴുത്തല വില്ലേജിൽ അജയകുമാർ എന്ന നാട്ടുകാരൻ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ചാണ് പ്രതിഷേധിച്ചത്. മരണമൊഴിയായി അദ്ദേഹം പരസ്യമായ കത്തെഴുതി മതിലിൽ ഒട്ടിച്ചിട്ടുണ്ട്.സ്ഥലവും വീടും പോയാൽ ജീവനൊടുക്കാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നാട്ടുകാർ ഇടപെട്ട് സിലിണ്ടര്‍ പൂട്ടി ഇയാളെ പിന്തിരിപ്പിച്ചു. തഴുത്തലയിൽ കഴിഞ്ഞ തവണ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോഴും ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.ഞാനും പാർട്ടിക്കാരനാണ്, ഭൂമി ഏറ്റെടുക്കലിനുള്ള സർവേ അല്ലെന്ന് സർക്കാർ പറയുന്നത് നുണയാണ്. 30 വർഷം വിദേശത്ത് വിയർപ്പൊഴുക്കി ഉണ്ടാക്കിയ വീടാണ്, ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.പ്രദേശത്ത് ഇന്ന് രാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചത്. ബിജെപി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരിൽ ചിലരും ഗ്യാസ് സിലിണ്ടർ തുറന്നു വച്ച് പ്രതിഷേധത്തിന് മുതിർന്നു. ഒരുകാരണവശാലും കല്ലിടാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. പ്രദേശത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്.