ബാങ്ക് ജീവനക്കാരുടെ അനാസ്ഥ, ഒരു രാത്രി മുഴുവൻ യൂണിയൻ ബാങ്കിന്റെ ലോക്കറിൽ എൺപത്തിയഞ്ചുകാരൻ അകപ്പെട്ടു
ഹൈദരാബാദ് : ഒരു സിനിമയിൽ സംഭവിക്കുന്ന കഥപോലെയായിരുന്നു ഹൈദരാബാദിലെ ഒരു ബാങ്കിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം. ഇവിടെ എൺപത്തിയഞ്ചുകാരൻ ബാങ്കിലെ ലോക്കർ മുറിയിൽ ഒരു രാത്രി മുഴുവൻ അകപ്പെടുകയായിരുന്നു. അബദ്ധത്തിൽ ബാങ്ക് ജീവനക്കാരനാണ് ഇയാളെ അതി സുരക്ഷയുള്ള ലോക്കറിനുള്ളിലിട്ട് പൂട്ടിയത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണ് ലോക്കർ റൂമിനുള്ളിൽ ജീവനക്കാർ വൃദ്ധനെ കണ്ടെത്തിയത്. വി കൃഷ്ണ റെഡ്ഡി എന്നയാൾക്കാണ് ഈ ദുര്യോഗമുണ്ടായത്.ജൂബിലി ഹിൽസ് റോഡിലെ വസതിയിൽ താമസിക്കുന്ന കൃഷ്ണ റെഡ്ഡി തിങ്കളാഴ്ച വൈകിട്ട് 4.30ഓടെയാണ് ബഞ്ചാര ഹിൽസിലെ യൂണിയൻ ബാങ്ക് ശാഖയിൽ പോയത്. ഇവിടെ ലോക്കറിൽ സൂക്ഷിച്ച സാധനങ്ങൾ എടുക്കുവാനാണ് എത്തിയത്. എന്നാൽ ലോക്കറിനുള്ളിലേക്ക് ഇയാൾക്ക് പോകാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥർ പിന്നീട് റെഡ്ഡിയുടെ കാര്യം മറക്കുകയായിരുന്നു. ബാങ്ക് അടയ്ക്കുന്ന സമയമായതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ബാങ്ക് പൂട്ടുകയും ചെയ്തു. പ്രമേഹമുൾപ്പടെയുള്ള അസുഖങ്ങളുള്ള കൃഷ്ണ റെഡ്ഡി അതിനാൽ ഒരു രാത്രി മുഴുവൻ ബാങ്ക് ലോക്കറിനുള്ളിൽ ചെലവഴിക്കാൻ നിർബന്ധിതനായി.ഒരു രാത്രിമുഴുവൻ ലോക്കർ മുറിയിൽ ചിലവഴിച്ച വൃദ്ധൻ അവശനിലയിലായിരുന്നു. പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഗൃഹനാഥനെ കാണാതായതിനെ തുടർന്ന് കുടുംബം ജൂബിലി ഹിൽസ് പൊലീസിൽ പരാതി നൽകിയിരുന്നു.