ബിവറേജസിൽ ലോഡിറക്കുമ്പോൾ ഹോളോഗ്രാം പതിക്കാത്ത ബിയർ കടത്തും, പണിമുടക്കിൽ ആവശ്യക്കാർക്ക് 400 രൂപയ്ക്ക് ബിയർ വിറ്റ ചുമട്ടുതൊഴിലാളി പിടിയിൽ
കോട്ടയം. ബിവറേജസ് കോർപ്പറേഷന്റെ ഹോളോഗ്രാം സ്റ്റിക്കർ പതിക്കാത്ത ഏഴ് കുപ്പി അനധികൃത ബിയറുമായി അയർക്കുന്നം വെയർഹൗസിലെ ചുമട്ടുതൊഴിലാളിയെ എക്സൈസ് പിടികൂടി. പുന്നത്തുറ കല്ലുവെട്ട് കുഴിയിൽ ബൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. ജോലിക്ക് ശേഷം മടങ്ങിയിരുന്ന പ്രതി ജീവനക്കാർ അറിയാതെ ബിയർ കുപ്പികൾ കടത്തിക്കൊണ്ടു വരികയായിരുന്നു. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാർക്ക് 400 രൂപ നിരക്കിലാണ് ഇയാൾ മദ്യം വിൽപന നടത്തിയിരുന്നത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ടി.എ അശോക് കുമാറിന്റെ നിർദ്ദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീമും എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ടീമും ചേർന്നാണ് പരിശോധന നടത്തിയത്.