ഗുജറാത്തിൽ തന്ത്രങ്ങൾ മെനയുന്നതിനിടെ പാർട്ടിക്ക് തിരിച്ചടി; മുതിർന്ന കോൺഗ്രസ് നേതാവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി, വീട്ടിൽ നിന്നും ഇറക്കി വിട്ടെന്നും ഭാര്യ
അഹമ്മദാബാദ്: മുൻ കേന്ദ്രമന്ത്രിയും ഗുജറാത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഭരത്സിംഗ് സോളങ്കിക്കെതിരെ ഗാർഹിക പീഡന പരാതി. ആനന്ദിലെ ബോർസാദ് കോടതിയിൽ ഭാര്യ രേഷ്മ പട്ടേൽ ആണ് പരാതി നൽകിയിരിക്കുന്നത്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു ആരോപണം വന്നത് പാർട്ടിക്കും തിരിച്ചടിയായിട്ടുണ്ട്.ഇരുവർക്കുമിടയിൽ കഴിഞ്ഞ കുറച്ച നാളുകളായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സോളങ്കി പലവട്ടം വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായും ഇവരുമായി അടുത്ത വൃത്തങ്ങൾ പയുന്നു. എന്നാൽ, വിവാഹമോചനത്തിന് രേഷ്മ തയ്യാറായിരുന്നില്ല.പാർട്ടിയിലെ ഒരു വനിതാ അംഗവുമായി സോളങ്കിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രേഷ്മ കത്ത് എഴുതിയിരുന്നു.വധഭീഷണി മുഴക്കി തന്നെ വീട്ടിൽ നിന്നും പുറത്താക്കിയതായും അവർ ആരോപിച്ചു. എന്നാൽ, തനിക്ക് ഇപ്പോൾ ഭാര്യയുമായി ഒരു ബന്ധവുമില്ലെന്നും നാലുവർഷമായി വേർപിരിഞ്ഞാണ് തങ്ങൾ താമസിക്കുന്നതെന്നുമാണ് സോളങ്കിയുടെ വാദം.
രണ്ടു തവണ ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട് സോളങ്കി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു.