പാർക്കിംഗിനെ ചൊല്ലി തർക്കം; നഗരസഭാംഗത്തിന് വെട്ടേറ്റു
മലപ്പുറം: മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു. മഞ്ചേരി നഗരസഭാംഗം തലാപ്പിൽ അബ്ദുൾ മജീദിനാണ് വെട്ടേറ്റത്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മജീദിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന മജീദിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റു. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികൾ തകർത്തു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുൾ മജീദ്.